ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരായ ആവേശകരമായ മത്സരത്തില്‍ കേരളത്തിന് എട്ടു റണ്‍സ് ജയം. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.

അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ സന്ദീപ് വാര്യരുടെ മികവിലായിരുന്നു കേരളത്തിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. വിഷ്ണു വിനോദ് (70), അരുണ്‍ കാര്‍ത്തിക് (31), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (38) എന്നിവരുടെ മികവിലാണ് കേരളം 160-ല്‍ എത്തിയത്. കേരളത്തിനായി ഓപ്പണിങ് വിക്കറ്റില്‍ വിഷ്ണു വിനോദ് - അരുണ്‍ കാര്‍ത്തിക് സഖ്യം 67 റണ്‍സ് ചേര്‍ത്തു.

161 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയുടെ തുടക്കം തന്നെ പിഴച്ചു. മുപ്പത് റണ്‍സിനുള്ളില്‍ തന്നെ അവര്‍ക്ക് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ 36 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 57 റണ്‍സെടുത്ത പ്രശാന്ത് കുമാര്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കി.

അവസാന ഓവറില്‍ ജയിക്കാന്‍ ആന്ധ്രയ്ക്ക് വേണ്ടിയിരുന്നത് വെറും 10 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ സന്ദീപ് വെറും രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക്കെടുത്തു. 

കേരളത്തിനായി ബേസില്‍ തമ്പിയും നിധീഷും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ മത്സരത്തില്‍ മണിപ്പൂരിനെ കേരളം 83 റണ്‍സിന് തകര്‍ത്തിരുന്നു.

Content Highlights: kerala beat andhra in syed mushtaq ali trophy