മുംബൈ: മുംബൈയ്‌ക്കെതിരേ അസഹ്‌റുദ്ദീനായിരുന്നെങ്കില്‍ ഇക്കുറി ഊഴം ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടേതായിരുന്നു. ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും മികവില്‍ കേരളം സയ്യ്ദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റില്‍ കരുത്തരായ ഡെല്‍ഹിയെ തോല്‍പിച്ചു. ഗ്രൂപ്പ് ഇയിലെ ആവേശകരമായ മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം.

ഇതോടെ കളിച്ച മൂന്ന് കളികളില്‍ മൂന്നും ജയിച്ച് കേരളം പന്ത്രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായി. മൂന്ന് കളികളില്‍നിന്ന് ഹരിയാണയ്ക്കും പന്ത്രണ്ട് പോയിന്റുണ്ടെങ്കിലും മെച്ചപ്പെട്ട റണ്‍ശരാശരിയാണ് കേരളത്തിന് തുണയായത്. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെയും രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈയെയുമാണ് കേരളം തോല്‍പിച്ചത്. ഒരു കളിയും ജയിക്കാത്ത ആന്ധ്രയാണ് ഗ്രൂപ്പിലെ അഞ്ചാമത്തെ ടീം.

 ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹി ശിഖര്‍ ധവാന്‍ മിന്നല്‍ വേഗത്തില്‍ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ ഇരുപത് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. ശ്രീശാന്തിന്റെ പന്തില്‍ പുറത്തായ ധവാന്‍ 48 പന്തില്‍നിന്ന്‌ ഏഴ് ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 77 റണ്‍സടിച്ചത്. 25 പന്തില്‍നിന്ന് പുറത്താകാതെ 52 റണ്‍സെടുത്ത ലളിത് യാദവാണ് സ്‌കോറിങ്ങില്‍ രണ്ടാമന്‍. ഹിമ്മത്ത് സിങ് 26 ഉം അനുജ് റാവത്ത് 27 ഉം റണ്‍സെടുത്തു.

 കേരളത്തിനുവേണ്ടി ശ്രീശാന്ത് നാലോവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ആസിഫും മിഥുനും ഓരോന്നും.

മൂന്നാമത്തെ പന്തില്‍ തന്നെ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടപ്പെട്ടതോടെ ഡെല്‍ഹിയുടെ വമ്പന്‍ സ്‌കോറിന് മുന്നില്‍ കേരളം പരുങ്ങുമെന്നാണ് കരുതിയത്. എന്നാല്‍, ഒരറ്റത്ത് ഉത്തപ്പ വെടിക്കെട്ടുമായി നിലയുറപ്പിച്ചു. 54 പന്തില്‍നിന്ന് എട്ട് സിക്‌സും മൂന്ന് ബൗണ്ടറിയും അടക്കം 91 റണ്‍സാണ് മുന്‍ ഇന്ത്യന്‍താരം നേടിയത്. സഞ്ജു സാംസണ്‍ 16-ഉം സച്ചിന്‍ ബേബി 22-ഉം റണ്‍സെടുത്ത് പുറത്തായിട്ടും കുലുങ്ങാതെ, ഉത്തപ്പയ്ക്ക് പിന്നീടു വന്ന വിഷ്ണു വിനോദ് ഉജ്വല പിന്തുണ നല്‍കി. 38 പന്തില്‍നിന്ന് 71 റണ്‍സെടുത്ത വിഷ്ണുവിന്റെ ഇന്നിങ്‌സാണ് അവസാന കേരളത്തിന്റെ വമ്പന്‍ ചേസിന് പിന്‍ബലമേകിയത്. ആറ് പന്ത്‌ ശേഷിക്കെയായിരുന്നു കേരളത്തിന്റെ ജയം. 10 റണ്‍സെടുത്ത് സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു.

Content Highlights: Kerala Bear Delhi In Syed Mushtaq Ali Trophy T20 Cricket Robin Uthappa Vishnu Vinod Dhawan Sreesanth