തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാല് കളിക്കാര്‍ക്കെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി റദ്ദാക്കി. രോഹന്‍ പ്രേം, നിധീഷ് എം.ഡി, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്കറ്റ്സ് അസോസിയേഷന്‍ റദ്ദാക്കിയത്. 

എന്നാല്‍ മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. സസ്പെന്‍ഷന്‍ നേരിട്ട നാല് കളിക്കാരും കെസിഎക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കെ.സി.എ ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്.

അപ്പീല്‍ പരിശോധിച്ചതില്‍ ഇത് പരിഗണിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാല് കളിക്കാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് കെ.സി.എ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി. നായര്‍ അറിയിച്ചു. അതേസമയം, റൈഫി വിന്‍സെന്റ് ഗോമസിനെതിരായ നടപടി തുടരും. 

കേരള ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് സച്ചിന്‍ ബേബിയെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 13 താരങ്ങള്‍ കെ.സി.എക്ക് കത്ത് നല്‍കിയിരുന്നു. സഹതാരങ്ങളോട് സച്ചിന്‍ ബേബി മോശമായി പെരുമാറുന്നു എന്നായിരുന്നു കത്തിലെ പ്രധാന ആരോപണം. 

എന്നാല്‍, താരങ്ങളുടെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് വിലയിരുത്തിയ കെ.സി.എ ഇവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. താരങ്ങളുടെ ഭാഗം കൂടി കേട്ട ശേഷമാണ് കെ.സി.എ അച്ചടക്കനടപടി സ്വീകരിച്ചത്.

Content Highlights: kca withdraws suspension of four players