കൊച്ചി: കലൂർ സ്റ്റേഡിയം ക്രിക്കറ്റിന് കൂടി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജി.സി.ഡി.എയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ കത്തയച്ചു. ഐ.എസ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്സുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് കത്തിലെ ആവശ്യം. സ്റ്റേഡിയം വിട്ടുതന്നില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന സൂചനയും കെ.സി.എ കത്തിൽ നൽകുന്നുണ്ട്.

സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് കൈമാറിയശേഷം പലയിടത്തും തകരാർ ഉണ്ടായിട്ടുണ്ടെന്നും ഇത് അടിയന്തിരമായി പരിഹരിക്കണമെന്നും കെ.സി.എ ആവശ്യപ്പെടുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കലൂർ സ്റ്റേഡിയം.

നിലവിൽ കലൂർ സ്റ്റേഡിയം ഉപയോഗിക്കാൻ 30 വർഷത്തെ വാടകക്കരാൻ നിലനിൽക്കുന്നുണ്ട്. ഒരു കോടി നിക്ഷേപമായും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റേഡിയം വിട്ടുനൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ജി.സി.ഡി.എയുടെ തീരുമാനം. കെ.സി.എ അനുകൂല നിലപാടാണ് ജി.സി.ഡി.എയുടേതും.

എന്നാൽ സ്റ്റേഡിയം ക്രിക്കറ്റിനുകൂടി വിട്ടുനൽകുന്നത് ഫുട്ബോൾ മത്സരങ്ങളെ ബാധിക്കുമെന്ന ബ്ലാസ്റ്റേഴ്സ് നിലപാടാണ് പ്രതിസന്ധിക്ക് കാരണം. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ കൂടി മത്സരം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.

content highlights: KCA stakes claim for Kaloor Stadium