കൊച്ചി: സജീവ ക്രിക്കറ്റിലേക്കുള്ള മലയാളി താരം എസ്. ശ്രീശാന്തിന്റെ മടങ്ങി വരവിന് കളമൊരുങ്ങുന്നു.

ജനുവരി 10-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളത്തിന്റെ 26 അംഗ സാധ്യതാ ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തി. സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. ഏഴു വര്‍ഷത്തിനു ശേഷമാണ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 

2013 ഐ.പി.എല്ലിനിടെ ഒത്തുകളി വിവാദത്തില്‍പ്പെട്ട ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തെ തുടര്‍ന്ന് ഈ വര്‍ഷം സെപ്റ്റംബര്‍ 13-നാണ് ശ്രീശാന്തിന്റെ വിലക്ക് നീങ്ങിയത്.

ടീം ഇന്ത്യയ്‌ക്കൊപ്പം രണ്ട് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത് കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ഒത്തുകളി വിവാദത്തില്‍പ്പെടുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളത്തിന്റെ സാധ്യതാ ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, ശ്രീശാന്ത്, എം.ഡി നിതീഷ്, കെ.എം ആസിഫ്, എന്‍ പി ബേസില്‍, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍, അഭിഷേക് മോഹന്‍, വട്സല്‍ ഗോവിന്ദ്, അനന്ദ് ജോസഫ്, വിനൂപ് മനോഹര്‍, മിഥുന്‍ പി.കെ, ശ്രീരൂപ്, അക്ഷയ് കെ.സി, റോജിത്, എം. അരുണ്‍.

Content Highlights: KCA named S Sreesanth in the 26 member probable squad for Syed Mushtaq Ali Trophy