ആലപ്പുഴ: 'കഴിവുള്ളവരാരെയും നമുക്ക് നഷ്ടപ്പെടരുത്. അവര്‍ക്ക് മികച്ച അവസരം ഉണ്ടാകും. അവരെ ഉയര്‍ത്തിക്കൊണ്ടുവരും'' -പറയുന്നത് മലയാളികളുടെ കായികസ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ടിനു യോഹന്നാന്‍. ആലപ്പുഴയില്‍ അദ്ദേഹത്തിനിപ്പോള്‍ പുതിയ ദൗത്യമാണ്. കേരള ക്രിക്കറ്റിനായി പുതിയ തലമുറയെ ഒരുക്കിയെടുക്കുയാണ് ആലപ്പുഴ എസ്.ഡി. കോളേജിന്റെ കെ.സി.എ. മൈതാനത്ത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആലപ്പുഴയിലെ ഹൈപെര്‍ഫോമന്‍സ് സെന്ററിന്റെ ഡയറക്ടര്‍ ചുമതല. കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ കേരളത്തിന്റെ വിവിധ ടീമുകളുടെ മോശം പ്രകടനമാണ് പുതിയ സെന്ററിന് വഴിതുറന്നത്.

ബി.സി.സി.ഐ.യുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാതൃകയിലാണ് ആലപ്പുഴയിലെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ തയ്യാറാക്കിയിരിക്കുന്നത്. എന്തിനും ഏതിനും മൈതാനത്ത് കളിക്കാര്‍ക്ക് സഹായവും ഉപദേശവും നിര്‍ദേശവുമായി ടിനുവുണ്ട്. ടീമുകളുടെ ബെഞ്ച്‌ സ്‌ട്രെങ്ത്ത് ഉയര്‍ത്തുകയെന്നതാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. മികച്ചകളിക്കാര്‍ പുറത്തുണ്ടെന്നുള്ള ചിന്ത കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്ന് ടിനു പറയുന്നു.

പതിനൊന്നു സെന്റര്‍ വിക്കറ്റുകള്‍, പത്തു പ്രാക്ടീസ് വിക്കറ്റുകള്‍, മൂന്ന് ഇന്‍ഡോര്‍ പ്രാക്ടീസ് വിക്കറ്റുകള്‍ എന്നിവയുണ്ട്. രാത്രികാലങ്ങളില്‍ കളിക്കാനും പരിശീലനം നടത്താനുമുള്ള ഫ്‌ളെഡ് ലൈറ്റ് സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

കഴിവുള്ളവരെ സ്‌കൂളുകളില്‍നിന്ന് കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടുവരും. ഇതിനായി കെ.സി.എ.യുെട കോച്ചുമാര്‍ സ്‌കൂളുകളിലെത്തും. ഹൈ പെര്‍ഫോമന്‍സ് സെന്റിന്റെ വാതിലുകള്‍ അവര്‍ക്കായി ഇനി തുറന്നിരിക്കും. കേരള ക്രിക്കറ്റില്‍ വര്‍ഷങ്ങളായി പിന്തുടര്‍ന്ന പോരുന്ന സെലക്ഷന്‍ രീതിയില്‍ വമ്പന്‍ പൊളിച്ചെഴുത്ത് കൊണ്ടുവരും. സീനിയര്‍ ടീം ഒഴികെയുള്ള എല്ലാ പ്രായപരിധിയിലുള്ള ടീമുകള്‍ക്കും സ്റ്റേറ്റ് ടീം കൂടാതെ ബെഞ്ച് സ്ട്രെങ്ത് കൂട്ടാനായി ഒരു 'എ' ടീം കൂടി രൂപവത്കരിക്കും.

സമ്മര്‍ കോച്ചിങ് ക്യാമ്പുകള്‍ എല്ലാ ജില്ലയിലും നടത്തി അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച കളിക്കാരെ ജില്ലാ അക്കാദമിയില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കും.

ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 'ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍' വിദഗ്ധ പരിശീലനം നല്‍കും. വനിതാ ക്രിക്കറ്റിനും കൂടുതല്‍ പ്രാമുഖ്യം നല്‍കി വനിതാ അക്കാദമികള്‍ പുനഃസംഘടിപ്പിക്കും. വനിതാ ക്രിക്കറ്റ് ലീഗ് മത്സരങ്ങളും പ്രത്യേക പരിശീലന പരിപാടികളും തുടങ്ങുവാനും കെ.സി.എ. ലക്ഷ്യമിടുന്നു.

Content Highlights: KCA High-performance center, Tinu Yohannan as Director