തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ടി20 മത്സരങ്ങള്‍ നടക്കേണ്ട സമയത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി.
മത്സരങ്ങള്‍ മുടങ്ങുമെന്നുറപ്പായതോടെ സംസ്ഥാനത്തെ ക്രിക്കറ്റിന്റെ ഒരേയൊരു വേദിയായ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവുമായുള്ള കരാര്‍ റദ്ദാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ.). ഇതോടെ വരുന്ന ടി20 ലോകകപ്പിന് വേദിയാകാനുള്ള സാധ്യത മങ്ങി.
ഐ.പി.എല്‍. മത്സരങ്ങള്‍ക്കുള്ള നിഷ്പക്ഷവേദിയായും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നു. 55,000 പേര്‍ക്കിരിക്കാവുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ്.
കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഐ.എസ്.എല്‍. മത്സരങ്ങള്‍ക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ്. ഇടക്കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള കെ.സി.എ.യുടെ ശ്രമങ്ങളും ഇതുവരെ വിജയിച്ചിട്ടില്ല. ഇതോടെ കേരളത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് നിലവില്‍ വേദിയില്ലാതായി.
ഈ മാസം നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ടി-20 ചാമ്പ്യന്‍ഷിപ്പിലെ എട്ടു മത്സരങ്ങളും തിരുവനന്തപുരത്ത് നടത്താനായിരുന്നു ബി.സി.സി.ഐ.യുടെ തീരുമാനം. ഇതിനിടെയാണ് സ്റ്റേഡിയം ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്താന്‍ വിട്ടുനല്‍കാന്‍, ഉടമസ്ഥരായ ഐ.എല്‍. ആന്‍ഡ് എഫ്.എസിന്റെ തീരുമാനം വന്നത്.
2016 മുതല്‍ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് കെ.സി.എ.യാണ് പരിപാലിക്കുന്നത്. ഗ്രൗണ്ട് പരിപാലനത്തിന് വര്‍ഷംതോറും 75 ലക്ഷം രൂപ കെ.സി.എ. മുടക്കുന്നുണ്ട്. എന്നിട്ടും ക്രിക്കറ്റ് മത്സരം നടത്താന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കാന്‍ ബി.സി.സി.ഐ. നിര്‍ദേശിക്കുകയായിരുന്നു.
എട്ടു മത്സരങ്ങള്‍ക്ക് 88 ലക്ഷം രൂപയാണ് ഐ.എല്‍. ആന്‍ഡ് എഫ്.എസ്. കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടത്.
Content Highlights: KCA cancels contract with Greenfield stadium