Photo: AFP
ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം അംഗവും ഫാസ്റ്റ് ബൗളറുമായ കാതറിന്‍ ഹെലന്‍ സിവര്‍ ബ്രണ്ട് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
37-കാരിയായ കാതറിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 267 മത്സരങ്ങളില്‍നിന്ന് 335 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 170-ഉം ട്വന്റി 20-യില്‍ 114-ഉം വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഈ രണ്ട് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലീഷ് ബൗളറാണ്. ഇതോടൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ വനിതാ താരവും കാതറിനാണ്.
19 വര്‍ഷം നീണ്ട ഇംഗ്ലണ്ട് കരിയറില്‍ മൂന്ന് ആഷസ് പരമ്പരയും രണ്ട് ഏകദിന ലോകകപ്പുകളും ഒരു ട്വന്റി 20 ലോകകപ്പും താരത്തിന്റെ നേട്ടങ്ങളായുണ്ട്.
വിരമിക്കാന്‍ തിരഞ്ഞെടുത്തത് തീര്‍ച്ചയായും ശരിയായ സമയമാണെന്നും തീരുമാനത്തില്‍ സന്തുഷ്ടയാണെന്നും താരം ബിബിസി സ്‌പോര്‍ട്ടിനോട് പ്രതികരിച്ചു.
2004-ല്‍ ഇംഗ്ലണ്ട് ജേഴ്‌സിയില്‍ അരങ്ങേറിയ കാതറിന്‍ തൊട്ടടുത്ത വര്‍ഷം ഓസ്ട്രേലിയയെ തോല്‍പ്പിച്ച് 42 വര്‍ഷത്തിന് ശേഷം ആദ്യമായി വനിതാ ആഷസ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ 355 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ഇന്ത്യയുടെ ജുലന്‍ ഗോസ്വാമി മാത്രമാണ് ഈ നേട്ടത്തില്‍ കാതറിന് മുന്നിലുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സെമി ഫൈനല്‍ മത്സരമായിരുന്നു ഇംഗ്ലണ്ട് ജേഴ്‌സിയില്‍ കാതറിന്റെ അവസാനത്തേത്.
2022 മേയില്‍ ഇംഗ്ലണ്ട് ടീമിലെ സഹതാരം നാറ്റ് സിവറെ വിവാഹം ചെയ്ത് കാതറിന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
Content Highlights: Katherine Sciver-Brunt retires from international cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..