ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും അണ്ടര്‍-19 ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനുള്ള പങ്ക് ചെറുതല്ല. സഞ്ജു വി സാംസണും കരുണ്‍ നായരും ജയന്ത് യാദവുമടക്കമുള്ള യുവതാരങ്ങളെ വളര്‍ത്തിയെടുത്തത് ദ്രാവിഡാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി കരുണ്‍ നായര്‍ പുതിയ റെക്കോര്‍ഡിട്ടപ്പോള്‍ എല്ലാവരും ദ്രാവിഡിനെയും പ്രശംസിച്ചിരുന്നു. എന്നാല്‍ ഇതിന്റെയെല്ലാം ക്രെഡിറ്റ് ദ്രാവിഡ് നല്‍കുന്നത് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്കുമാണ്. 

''ഇന്ത്യ എ ടീമിലൂടെ കളിച്ചു വളര്‍ന്ന് രാജ്യത്തിനായി ജയന്തും കരുണും പുറത്തെടുക്കുന്ന പ്രകടനം പ്രശംസനീയമാണ്. അവരെപ്പോലെയുള്ള യുവതാരങ്ങള്‍ക്ക് തുടക്കകാരുടെ പരിഭ്രമമില്ലാതെ കളിക്കാന്‍ കഴിയുന്നത് ഇന്ത്യന്‍ ടീമിലെ സാഹചര്യങ്ങള്‍ കൊണ്ടാണ്. യുവതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലേക്ക് ടീമിനെയൊന്നാകെ മാറ്റിയെടുത്ത കോലിക്കും കുംബ്ലെക്കും അവകാശപ്പെട്ടതാണ് ജയന്തിന്റെയും കരുണിന്റെയും പ്രകടനത്തിന്റെ ക്രെഡിറ്റ്.'' ദ്രാവിഡ് പറയുന്നു

കരിയറിലെ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ചുറിയാക്കി മാറ്റിയ കരുണില്‍ മികച്ച ഭാവിയാണ് കാണുന്നത്. റണ്‍ നേടാനുള്ള അതിയായ ആഗ്രഹം തന്നെയാണ് കരുണിന്റെ നേട്ടത്തിന് പിന്നില്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങള്‍ ഇങ്ങനെ വളര്‍ന്നു വരുന്നതിലും വലിയ സന്തോഷം വേറെയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.