ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ വിജയിച്ച കേരളം നാലാം മത്സരത്തില്‍ കര്‍ണാടകയോടാണ് തോല്‍വി വഴങ്ങിയത്. ഒന്‍പത് വിക്കറ്റിനാണ് കര്‍ണാടകയുടെ വിജയം. 

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക വെറും 45.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സെഞ്ചുറി നേടി പുറത്താവാതെ നിന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടന മികവിലാണ് കര്‍ണാടക വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയില്‍ കര്‍ണാടക ഒന്നാമതെത്തി. കേരളം രണ്ടാമതാണ്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി വത്സല്‍ ഗോവിന്ദ് 95 റണ്‍സെടുത്തു. 124 പന്തുകളില്‍ നിന്നും ഏഴു ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് താരം 95 റണ്‍സെടുത്തത്. 54 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയും 59 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച പ്രകടനം കാഴ്ചവെച്ചു. കര്‍ണാടകയ്ക്ക് വേണ്ടി അഭിമന്യു മിഥുന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടകയ്ക്കായി തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെച്ചത്. 138 പന്തുകളില്‍ നിന്നും 13 ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ പുറത്താവാതെ 126 റണ്‍സാണ് താരം നേടിയത്. 86 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കെ സിദ്ധാര്‍ത്ഥും മികച്ച പ്രകടനം കാഴ്ചവെച്ചു. 62 റണ്‍സെടുത്ത നായകന്‍ രവികുമാര്‍ സമര്‍ത്ഥിന്റെ വിക്കറ്റാണ് കര്‍ണാകയ്ക്ക് നഷ്ടമായത്. ഈ വിക്കറ്റ് ജലജ് സക്‌സേന നേടി. 

Content Highlights: Karnataka beat Kerala in Vijay Hazare cricket trophy