ന്യൂഡല്‍ഹി: വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്നും കേരളം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയോട് തോറ്റാണ് കേരളം സെമി കാണാതെ പുറത്തായത്. 80 റണ്‍സിനാണ് കര്‍ണാടകയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഉയര്‍ത്തിയ 339 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള് ഔട്ടായി.
ഈ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിന് ആ മികവ് ക്വാര്‍ട്ടറില്‍ പുറത്തെടുക്കാനായില്ല. സ്കോര്‍: കര്‍ണാടക 50 ഓവറില്‍ മൂന്നുവിക്കറ്റിന് 338, കേരളം 43.4 ഓവറില്‍ 258 ന് പുറത്ത്.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കര്‍ണാടകയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഓപ്പണര്‍മാരായ രവികുമാര്‍ സമര്‍ഥും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 249 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സമര്‍ഥ് 192 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 101 റണ്‍സുമെടുത്തു. സമര്‍ഥ് 22 ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെയാണ് 192 റണ്‍സെടുത്തത്. ദേവ്ദത്തിന്റെ ബാറ്റില്‍ നിന്നും 10 ബൗണ്ടറികളും രണ്ട് സിക്സുകളും പിറന്നു.
അവസാന ഓവറുകളില്‍ വെടിക്കെട്ട പ്രകടനം കാഴ്ചവെച്ച മനീഷ് പാണ്ഡെയാണ് സ്കോര്‍ 300 കടത്തിയത്. താരം 34 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
Karnataka Won by 80 Run(s) (Qualified) #KARvKER @paytm #VijayHazareTrophy #QF2 Scorecard:https://t.co/kjHkiI0iyM
— BCCI Domestic (@BCCIdomestic) March 8, 2021
കേരളത്തിന്റെ ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. മൂന്നു വിക്കറ്റെടുത്ത ബേസില്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
വലിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി 92 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 52 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനും മാത്രമേ തിളങ്ങിയുള്ളൂ. സഞ്ജു സാംസണ് മത്സരത്തില്‍ കളിച്ചില്ല. മികച്ച ഫോമില്‍ കളിച്ചിരുന്ന റോബിന് ഉത്തപ്പയും സച്ചിന് ബേബിയും രോഹനുമെല്ലാം നിരാശപ്പെടുത്തി.
കര്‍ണാടകയ്ക്കായി രോണിത്ത് മോറെ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശ്രേയസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി.
മറ്റൈാരു മത്സരത്തില്‍ ആന്ധ്രപ്രദേശിനെ കീഴടക്കി ഗുജറാത്ത് സെമിഫൈനലില്‍ പ്രവേശിച്ചു.
Content Highlights: Karnata beat Kerala in the quarter finals of Vijay Hazare trophy