
Image Courtesy: ESPN
ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്ത് സച്ചിനൊപ്പമോ അതിനു മുകളിലോ പ്രതിഷ്ടിക്കാവുന്ന പേരുകള്‍ ചുരുക്കമാണ്. 24 വര്‍ഷത്തോളം നീണ്ട കരിയറില്‍ സച്ചിന് സ്വന്തമാക്കാത്ത ബാറ്റിങ് റെക്കോഡുകള്‍ കുറവാണ്. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ സെഞ്ചുറികള്‍, കൂടുതല്‍ റണ്‍സ്, ഏകദിനത്തില്‍ ആദ്യമായി 10,000 റണ്‍സ് പിന്നിട്ടയാള്‍ തുടങ്ങി ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോഡുകളും കൈയാളുന്നയാള്‍.
എന്നാലിതാ സച്ചിന് ഇതിലും എത്രയോ കഴിവുണ്ടായിരുന്നയാളാണെന്നും ഇനിയും എത്രയോ നേട്ടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നുവെന്നുമാണ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ അഭിപ്രായം. റേഡിയോ സിറ്റിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു കപിലിന്റെ വാക്കുകള്‍.
''എന്റെ അഭിപ്രായത്തില്‍ ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും മികച്ച ക്രിക്കറ്ററാണ് സച്ചിന് തെണ്ടുല്‍ക്കര്‍. ഇപ്പോഴത്തേതിനേക്കാള്‍ എത്രയോ നേട്ടങ്ങള്‍ സച്ചിന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ തന്നെ അദ്ദേഹം എത്രയോ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആരും തന്നെ അദ്ദേഹത്തേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടില്ല. സച്ചിന് ഇതിലുമേറെ കഴിവുകളുണ്ടായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്''- കപില്‍ പറഞ്ഞു.
24 വര്‍ഷം ക്രിക്കറ്റില്‍ രാജ്യത്തെ സേവിച്ചതിന് സച്ചിനെ പ്രശംസിക്കാനും കപില്‍ മറന്നില്ല. ''സച്ചിന്റെ കരിയര്‍ അതിശയകരമാണ്. 24 വര്‍ഷത്തോളം രാജ്യത്തിനായി കളിക്കുക എന്നത് പറയാന്‍ എളുപ്പമാണ്, പക്ഷേ ചെയ്യാന്‍ പ്രയാസമാണ്. രാജ്യത്തിന് നല്കിയ സന്തോഷങ്ങള്‍ക്കു വേണ്ടി അദ്ദേഹത്തിന് എല്ലാ സന്തോഷവും നേരുന്നു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ കുടുംബത്തിന്. കാരണം ഇത്തരം സാഹചര്യങ്ങളില്‍ കുടുംബമാണ് മറ്റാരെക്കാളും ത്യാഗം സഹിച്ചത്''- കപില്‍ ചൂണ്ടിക്കാട്ടി.
സച്ചിനെ പോലെയുള്ള ക്രിക്കറ്റ് താരങ്ങള്‍ ഉള്ളിടത്തോളം കാലം ഈ കളിക്ക് മരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Kapil Dev says Sachin Tendulkar should have done even more in his career
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..