ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ഇന്ത്യ - പാകിസ്താന്‍ പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവെച്ച പാക് താരം ഷുഐബ് അക്തറിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.

ഇന്ത്യയ്ക്ക് ഇപ്പോള്‍ പണമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കപില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യജീവനുകള്‍ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിയല്ലെന്നും ചൂണ്ടിക്കാട്ടി.

കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു മത്സര ഏകദിന പരമ്പര കളിക്കാമെന്നായിരുന്നു അക്തറിന്റെ ആശയം. അടച്ചിട സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്നും ടെലിവിഷന്‍ വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ എല്ലാ അതോറിറ്റികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്നതാണ് ഈ സമയത്ത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കപില്‍ വ്യക്തമാക്കി.

പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ക്കായി ബി.സി.സി.ഐ 51 കോടി രൂപ  പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നല്‍കാന്‍ ബി.സി.സി.ഐയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും രോഗബാധ കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനുമാകണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കപില്‍ ചൂണ്ടിക്കാട്ടി.

Content Highlights: Kapil Dev responds to India vs Pakistan series proposal of Shoaib Akhtar