ദുബായ്: പാകിസ്താനെതിരായ രണ്ടാം ടിട്വന്റിയില്‍ മനോഹര ക്യാച്ചുമായി കെയ്ന്‍ വില്ല്യംസണ്‍. രണ്ടാം ടിട്വന്റിയിലും വിജയിച്ച് പാകിസ്താന്‍ 2-0ത്തിന് പരമ്പര നേടിയെങ്കിലും കെയ്ന്‍ വില്ല്യംസണിന്റെ ക്യാച്ചായിരുന്ന മത്സരത്തിലെ മനോഹര നിമിഷം. കിവീസ് നായകന്റെ ഈ ഫീല്‍ഡിങ് പ്രകടനം കൈടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

അഞ്ചാം ഓവറില്‍ ഫഖര്‍ സമാന്‍ മിഡ് ഓഫിലേക്ക് അടിച്ച പന്ത് ഫുള്‍ ലെങ്തില്‍ ചാടി വില്യംസണ്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഒറ്റക്കൈ കൊണ്ടായിരുന്നു കിവീസ് ക്യാപ്റ്റന്റെ ക്യാച്ച്. ഇങ്ങനെ ക്യാച്ചെടുക്കാന്‍ കെയ്ന്‍ വില്ല്യംസണ്‍ പക്ഷിയാണോ എന്ന ചോദ്യവുമായാണ് ട്വിറ്ററില്‍ ആരാധകര്‍ ഈ വീഡിയോ പങ്കുവച്ചത്. പുറത്താകുമ്പോള്‍ 24 റണ്‍സായിരുന്നു ഫഖര്‍ സമാന്റെ സമ്പാദ്യം.

വിജയത്തോടെ പരമ്പര 2-0ത്തിന് പാകിസ്താന്‍ നേടി. ഇനി പരമ്പരയില്‍ ഒരു ടിട്വന്റി മത്സരം കൂടിയാണ് അവശേഷിക്കുന്നത്. തുടര്‍ച്ചയായ 11 ടിട്വന്റി പരമ്പരകള്‍ സ്വന്തമാക്കുന്ന ടീമായും പാകിസ്താന്‍ മാറി. 

Content Highlights: Kane Williamson takes stunning catch in Twenty20 against Pakistan