Photo: AFP
ക്രൈസ്റ്റ്ചര്‍ച്ച്: ആവേശം അവസാന ദിവസത്തെ അവസാന പന്തുവരെ നീണ്ട ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസീലന്‍ഡ്. ജയിക്കാന്‍ 285 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് കെയ്ന്‍ വില്യംസന്റെ സെഞ്ചുറി മികവില്‍ അവസാന പന്തിലാണ് വിജയം സ്വന്തമാക്കിയത്.
സ്‌കോര്‍: ശ്രീലങ്ക - 355/10, 302/10, ന്യൂസീലന്‍ഡ് - 373/10, 285/8.
അഷിത ഫെര്‍ണാണ്ടോ എറിഞ്ഞ അഞ്ചാം ദിവസത്തെ അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. മാറ്റ് ഹെന്റി റണ്ണൗട്ടായെങ്കിലും ഒരു ബൗണ്ടറി കണ്ടെത്തിയ വില്യംസണ്‍ അവസാന പന്തില്‍ ഒരു റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
സെഞ്ചുറി നേടിയ വില്യംസണ്‍ 194 പന്തില്‍ നിന്ന് ഒരു സിക്‌സും 11 ബൗണ്ടറിയുമടക്കം 121 റണ്‍സോടെ പുറത്താകാതെ നിന്നു. 86 പന്തില്‍ 81 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റെ ഇന്നിങ്‌സും വിജയത്തില്‍ നിര്‍ണായകമായി. നാലാം വിക്കറ്റില്‍ വില്യംസണ്‍ - മിച്ചല്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 142 റണ്‍സാണ് കിവീസ് വിജയത്തില്‍ നിര്‍ണായകമായത്.
ഇടയ്ക്ക് ടോം ബ്ലന്‍ഡല്‍ (3), മിച്ചല്‍ ബ്രേസ്‌വെല്‍ (10), ടിം സൗത്തി (1) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി സമ്മര്‍ദത്തിലായ ന്യൂസീലന്‍ഡിനെ വില്യംസണ്‍ രക്ഷിച്ചെടുക്കുകയായിരുന്നു. ന്യൂസീലന്‍ഡിനെ ജയം നേട്ടമായത് ഇന്ത്യയ്ക്കാണ്. ശ്രീലങ്ക തോറ്റതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിച്ചു.
Content Highlights: Kane Williamson slams century to guide New Zealand to thrilling win vs Sri Lanka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..