ലണ്ടൻ: ഇന്ത്യക്കെതിരേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ന്യൂസീലന്റിന് തിരിച്ചടിയായി ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണിന് പരിക്ക്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വില്ല്യംസൺ കളിക്കില്ലെന്നും ടോം ലാഥം ടീമിനെ നയിക്കുമെന്നും പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കി.

കൈമുട്ടിലെ പരിക്ക് ഭേദമാകാത്തതാണ് കാരണം. ഇതേ പരിക്കുമൂലം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയും 2021 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായുള്ള മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു.

പരിക്ക് ഗുരുതരമല്ലെന്നും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി താരത്തിന് വിശ്രമം ആവശ്യമായതിനാലാണ് രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതെന്നും ഗാരി സ്റ്റെഡ് പറയുന്നു. 'വില്ല്യംസണെ പുറത്തിരുത്തുക എന്നത് എളുപ്പമുള്ള തീരുമാനമല്ല. എന്നാൽ അത് ശരിയായ തീരുമാനമാണെന്ന വിശ്വാസമുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആകുമ്പോഴേക്ക് താരം പൂർണമായും കായികക്ഷമത വീണ്ടെടുത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.' സ്റ്റെഡ് കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച്ചയാണ് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ ണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. വില്ല്യംസണ് പകരം മൂന്നാം നമ്പറിൽ വിൽ യംഗ് ബാറ്റു ചെയ്യും. ജൂൺ പതിനെട്ടിന് ഏജീസ് ബൗളിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങുന്നത്.