ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയും പിന്നിലാക്കി ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍.
പുതിയ റാങ്കിങ്ങില്‍ വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയാണ്. മെല്‍ബണിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഒറ്റയടിക്ക് അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രഹാനെ 784 പോയന്റുമായി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു. 2019 ഒക്ടോബറില്‍ അഞ്ചാം സ്ഥാനത്തെത്തിയ ശേഷമുള്ള രഹാനെയുടെ മികച്ച നേട്ടമാണിത്.
പാകിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് വില്യംസണ് തുണയായത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ താരം സെഞ്ചുറി നേടിയിരുന്നു. അതിനു മുമ്പ് വെസ്റ്റിന്‍ഡീസിനെതിരേ നടന്ന പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേട്ടവും വില്യംസണ്‍ സ്വന്തമാക്കിയിരുന്നു.
ഒന്നാം സ്ഥാനത്ത് 890 പോയന്റാണ് വില്യംസണുള്ളത്. 879 പോയന്റുമായി കോലി രണ്ടാമതും 877 പോയന്റോടെ സ്മിത്ത് മൂന്നാമതുമാണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിന് തിരിച്ചടിയായത്.
Content Highlights: Kane Williamson overtakes Steve Smith and Virat Kohli in ICC Test Rankings