ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ഫലത്തെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും തുല്ല്യത വന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആ തീരുമാനം ന്യൂസീലന്‍ഡിന്റെ ഹൃദയം പൊള്ളിച്ചു. തോല്‍വിയെക്കുറിച്ച് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ സംസാരിക്കുന്നു.

'ആ ഫൈനല്‍ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ വേര്‍തിരിവുകളൊന്നും ഉണ്ടായിരുന്നില്ല. ഫൈനലില്‍ ആരും തോറ്റില്ല. പക്ഷേ, ഒരു കിരീടധാരിയുണ്ടായി. അത്രതന്നെ. ആരാണ് ജയിച്ചത്? എങ്ങനെയാണ് വിജയിയെ തീരുമാനിച്ചത്? ബൗണ്ടറി കൂടുതലടിച്ചു എന്നോ മറ്റോ പറഞ്ഞല്ലേ. ആരോ ഈ ലോകകിരീടം കൊണ്ടുപോയി, എന്തായാലും ഞങ്ങളല്ല.

ഒപ്പത്തിനൊപ്പം പോരാടിയ രണ്ടു ടീമുകളില്‍നിന്ന് വിജയിയെ തീരുമാനിക്കാന്‍ രണ്ടു ശ്രമങ്ങള്‍ നടന്നു. എന്നിട്ടും സാധിച്ചില്ല. പിന്നെ, എങ്ങനെ വിജയിയുണ്ടായി. ബൗണ്ടറികളുടെ കണക്കെടുപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിയമത്തിലുള്ളതാണ്. ഞങ്ങളതില്‍ ഒപ്പുവെച്ചതാണ്. അതുകൊണ്ട് പരാജയത്തെ വിഷമത്തോടെയാണെങ്കിലും സ്വീകരിച്ചേ പറ്റൂ. അക്കാര്യങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഫൈനല്‍ ഒരു നാണക്കേടായി മാറിയെന്ന് ഖേദത്തോടെ പറയട്ടെ. ഫൈനല്‍ ഇപ്പോഴും ടൈ തന്നെയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഓവര്‍ത്രോയില്‍ അഞ്ചു റണ്‍സിനു പകരം ആറു റണ്‍സ് ഞങ്ങളില്‍ ചുമത്തപ്പെട്ടു. അതിനെപ്പറ്റി നിങ്ങള്‍ ചോദിക്കാനോ ഞാന്‍ ഉത്തരം പറയാനോ ഇഷ്ടപ്പെടുമെന്നുതോന്നുന്നില്ല. എങ്കിലും പറഞ്ഞല്ലേ പറ്റൂ. ത്രോ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ത്തട്ടിയാണ് ബൗണ്ടറിയിലേക്കുപോയത്. മറ്റാരുടെയോ പിഴവുകൊണ്ട് നഷ്ടപ്പെട്ട ആ ഒരു റണ്ണിനെക്കുറിച്ച് എന്തുപറയാന്‍. അതും ഒരു നാണക്കേട്. ഫൈനല്‍പോലൊരു മത്സരത്തില്‍ ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. എങ്കിലും അമ്പയര്‍മാര്‍ക്കും മാനുഷികമായ പിഴവുകള്‍ പറ്റും. അത് ഒരു ടീമിനെ വേദനിപ്പിക്കും, എതിര്‍ടീമിന് അനുഗ്രഹമാകും. ഇത്തരം ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങള്‍ കളിക്കിടെ സംഭവിക്കും. മത്സരം ടൈയിലേക്ക് എത്തിയപ്പോള്‍, നഷ്ടപ്പെട്ട ഓരോ റണ്ണും നമ്മുടെ മനസ്സിലേക്കുവരും.

ആ ഒരു റണ്‍ മാത്രമല്ല തോല്‍വിക്ക് കാരണം. മറ്റു പല കാര്യങ്ങളുമുണ്ട്. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിരുന്നു പിച്ച്. 300-നുമുകളില്‍ സ്‌കോര്‍ പോകുമെന്നൊക്കെ മത്സരത്തിനുമുമ്പ് ചിലര്‍ പറഞ്ഞു. പക്ഷേ, പിച്ച് അങ്ങനെയല്ലായിരുന്നു. 20 റണ്‍സ് കൂടിയെങ്കിലും എടുക്കണമായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. എങ്കിലും 241 റണ്‍സ് പ്രതിരോധിക്കാന്‍ ഞങ്ങള്‍ പരമാവധി പൊരുതി. സത്യത്തില്‍ അത് പ്രതിരോധിക്കുകയും ചെയ്തു. എന്നിട്ടും കപ്പ് അകന്നുപോയി. മത്സരത്തിനുമുമ്പും പിമ്പുമുള്ള മാധ്യമസമ്മേളനങ്ങളില്‍ ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് -നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന്. അത് ഫൈനലിലും സംഭവിച്ചു.

എന്തായാലും, ഈ ടീമിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. കിരീടത്തിനായി അവര്‍ അവസാനനിമിഷംവരെ പൊരുതി. നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാര്‍ തകരുന്നത് ഞാന്‍ കണ്ടു. എന്തായാലും ഇംഗ്ലണ്ട് ടീമിനും അഭിനന്ദനങ്ങള്‍...'

Content Highlights: Kane Williamson New Zealand Captian Press Meet England vd New Zealand