ഹൈദരാബാദ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്ല്യംസണ്‍ നയിക്കും. പന്തില്‍ കൃത്രിമം കാണിച്ച വിവാദത്തില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വില്ല്യംസണെ ക്യാപ്റ്റനായി നിയമിച്ചത്. 

ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ണറെ വിലക്കിയതിനെ തുടര്‍ന്ന് താരത്തിന് ഈ സീണിലെ ഐ.പി.എല്ലും കളിക്കാനാകില്ല. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് വാര്‍ണര്‍. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ്  ആദ്യ നാലിലൊന്നില്‍ എത്തിയതും വാര്‍ണറുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. 

ക്യാപ്റ്റനായുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ആവേശത്തിലാണെന്നും കെയ്ന്‍ വില്ല്യംസണ്‍ പ്രതികരിച്ചു. 2015 മുതല്‍ സണ്‍റൈസേഴ്‌സ് താരമാണ് വില്ല്യംസണ്‍. കഴിഞ്ഞ സീസണില്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 42.66 ശരാശരിയില്‍ 256 റണ്‍സ് നേടി. ശിഖര്‍ ധവാനേയും മനീഷ് പാണ്ഡേയും ക്യാപ്റ്റന്‍ സ്ഥാനത്തിന് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ വില്ല്യംസണെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റന്‍ കൂടിയാണ് വില്ല്യംസണ്‍.

Content Highlights: Kane Williamson appointed Sunrisers Hyderabad captain for IPL 2018