ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാദയ്‌ക്കെതിരെ ഐ.സി.സിയുടെ അച്ചടക്ക നടപടിക്ക് സാധ്യത. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുത്തപ്പോഴുള്ള ആഘോഷമാണ് റബാദയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ആര്‍ത്തുവിളിച്ച് സ്മിത്തിന്റെ അടുത്തേക്ക് പാഞ്ഞെടുത്ത റബാദ സ്മിത്തുമായി കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കിയേക്കും. സ്റ്റീവ് സ്മിത്ത് പുറത്തായപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുന്ന വിധം ശാരീരികമായ ആംഗ്യവും വാക്കുകളും ഉപയോഗിച്ചുവെന്നാണ് കുറ്റം.

എന്നാല്‍ തനിക്കെതിരായ ഐസിസിയുടെ കുറ്റം റബാദ നിഷേധിക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിന് ശേഷം ഐസിസിയുടെ അച്ചടക്കസമിതിക്ക് മുമ്പാകെ ഹാജരാകുന്ന റബാദ പെരുമാറ്റം മനപ്പൂര്‍വമായിരുന്നില്ലെന്ന് സമിതിയെ അറിയിക്കും. 

ഇതിനോടകം തന്നെ അച്ചടക്കലംഘനത്തിന്റെ അഞ്ച് പോയിന്റ് റബാദയുടെ റെക്കോഡ് ബുക്കിലുണ്ട്. ഈ പോയിന്റ് എട്ടായാല്‍ താരം വിലക്ക് നേരിടേണ്ടി വരും. ഇപ്പോഴത്തെ കുറ്റം ഗുരുതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ താരത്തിന് നാല് പോയിന്റുകള്‍ വരെ ലഭിക്കും. അതോടെ അടുത്ത രണ്ട് ടെസ്റ്റുകളിലും ഓസീസിനെതിരെ റബാദയ്ക്ക് കളിക്കാനാകില്ല. 

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുളള പരമ്പരയില്‍ ഇതുവരെ നാല് താരങ്ങളാണ് ഐസിസിയുടെ അച്ചടക്കം ലംഘിച്ചത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്സ് പുറത്തായപ്പോള്‍ നെഞ്ചിലേക്ക് പന്തെറിഞ്ഞ് ശിക്ഷ വാങ്ങിയിരുന്നു. വാക്കുതര്‍ക്കം പരിധി വിട്ടതോടെ ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ഡികോക്കും ശിക്ഷയേറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് റബാദയും കുഴപ്പത്തില്‍ ചാടിയത്. 

Content Highlights: Kagiso Rabada South Africa paceman charged after clash with Steve Smith