ചെന്നൈ: ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരസാന്നിധ്യമായിരുന്നു ആർ അശ്വിൻ. എന്നാൽ പിന്നീട് നിശ്ചി ഓവർ ക്രിക്കറ്റിൽ അശ്വിന് സ്ഥാനം നഷ്ടമായി. ടെസ്റ്റിലാകട്ടെ, ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ മാത്രം അശ്വിന് ഇടം ലഭിച്ചു. യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും ടീമിലെത്തിയതും ഫോം നഷ്ടപ്പെട്ടതുമെല്ലാം അശ്വിൻ ടീമിന് പുറത്താകുന്നതിന് കാരണമായി.

ടീമിന് പുറത്തായ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അശ്വിൻ. ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ് വിൻഡീസിനെതിരേ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അശ്വിൻ രംഗത്തെത്തിയത്. ബ്രോഡിനെ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ രണ്ടും മൂന്നും ടെസ്റ്റിൽ കളിച്ച ബ്രോഡ് ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം പൂർത്തിയാക്കുകയും ചെയ്തു. ഈ സംഭവുമായി ബന്ധപ്പെടുത്തിയാണ് അശ്വിൻ തന്റെ കാര്യവും വിശദീകരിക്കുന്നത്.

'ടീമിൽ നിന്ന് ഒഴിവാക്കുമ്പോഴെല്ലാം നിരാശ തോന്നാറുണ്ട്. സ്പോർട്സിൽ അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയാം. സ്പോർട്സ് അങ്ങനെയാണ്. ബ്രോഡിനെ നമുക്ക് ഉദാഹരണമായെടുക്കാം. അദ്ദേഹം സതാംപ്റ്റണിൽ നടന്ന ടെസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ അടുത്ത രണ്ട് ടെസ്റ്റിലും മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഞാനും അത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഒന്നെങ്കിൽ അഞ്ചു വിക്കറ്റെടുക്കണം അല്ലെങ്കിൽ ടീമിൽ നിന്ന് തഴയപ്പെടുമെന്നുള്ള അവസ്ഥ ഭീകരമാണ്.' അശ്വിൻ പറയുന്നു.

വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി അണിയാനാകും എന്ന പ്രതീക്ഷയും അശ്വിൻ പങ്കുവെച്ചു. ഐ.പി.എല്ലിൽ കഴിഞ്ഞ വർഷം പുറത്തെടുത്ത മികച്ച പ്രകടനം ടീമിലെത്താൻ തന്നെ സഹായിക്കുമെന്നും അശ്വിൻ കരുതുന്നു.

Content Highlights: Stuart Broad, R Ashwin