കറാച്ചി: ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടം ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.

ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരവും ലോകത്തിലെ നാലാമത്തെ പ്രായം കുറഞ്ഞ ബൗളറുമാണ് റബാദ.

33 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ് തികച്ച പാകിസ്താന്റെ യാസിര്‍ ഷായാണ് ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ താരം. 39 ടെസ്റ്റില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ തന്നെ ഡെയ്ല്‍ സ്റ്റെയ്‌നാണ് രണ്ടാമത്.

ഇപ്പോഴിതാ തന്റെ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ''കളിക്കാന്‍ തുടങ്ങുന്ന കാലത്ത് ഇത്തരമൊരു പട്ടികയില്‍ ഉള്‍പ്പെടുമെന്ന് കരുതിയതല്ല. ഇതൊരു വലിയ നേട്ടമായി കാണുന്നു. ഈ നേട്ടത്തിനു പിന്നില്‍ മാജിക്ക് ഒന്നുമില്ല. കഠിനാധ്വാനവും സമയമെടുത്ത് വിശകലനം ചെയ്ത് എവിടെയാണ് ഇനിയും മെച്ചപ്പെടാനുള്ളതെന്ന തിരിച്ചറിവുമാണ്. ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല.'' - റബാദ പറഞ്ഞു.

പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഹസന്‍ അലിയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് റബാദ് 200 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയത്. തന്റെ 44-ാം ടെസ്റ്റിലാണ് താരത്തിന്റെ നേട്ടം.

ടെസ്റ്റില്‍ 200 വിക്കറ്റിനായി ഏറ്റവും കുറവ് പന്തുകള്‍ വേണ്ടിവന്ന താരങ്ങളില്‍ മൂന്നാമതാണ് റബാദ (8154 പന്തുകള്‍). പാകിസ്ഥാന്‍ മുന്‍താരം വഖാര്‍ യൂനിസ് (7730 പന്തുകള്‍), ദക്ഷിണാഫ്രിക്കയുടെ തന്നെ ഡെയ്ല്‍ സ്റ്റെയ്ന്‍ (7848 പന്തുകള്‍) എന്നിവരാണ് റബാദയ്ക്ക് മുന്നില്‍.

2015-ല്‍ മൊഹാലിയില്‍ ഇന്ത്യക്കെതിരേ അരങ്ങേറ്റം കുറിച്ച താരം അഞ്ച് വര്‍ഷം കൊണ്ടാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്.

Content Highlights: Just Hard Work behing 200 Test Wickets Says Kagiso Rabada