ക്വീന്‍സ്പാര്‍ക്ക്: ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ ചൊവ്വാഴ്ച നടന്ന നാലാം ഏകദിനം ക്രിക്കറ്റ് പ്രേമികള്‍ക്ക് മുഴുവന്‍ വിരുന്നായിരുന്നു. സിക്‌സറുകളുടെ എണ്ണത്തില്‍ റെക്കോഡിട്ട മത്സരത്തില്‍ ആകെ പിറന്നത് 46 സിക്‌സറുകളാണ്. റണ്‍സ് യദേഷ്ടം ഒഴുകിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റിന് 418 റണ്‍സെടുത്തു. മറുപടിയായി വെസ്റ്റിന്‍ഡീസ് 389 റണ്‍സിന് ഓള്‍ഔട്ടായി.

ഇംഗ്ലണ്ടിനായി വെറും 77 പന്തില്‍ നിന്ന് 150 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. 12 സിക്‌സും 13 ബൗണ്ടറികളുമടക്കമായിരുന്നു ബട്‌ലറുടെ വെടിക്കെട്ട്. ഈ വെടിക്കെട്ട് ഇന്നിങ്‌സിനിടെ വിന്‍ഡീസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രലിനെതിരേ ഒരു സിക്‌സ് നേടിയ ശേഷം ബട്‌ലര്‍ അത് ആഘോഷിച്ച രീതി കൗതുകമായി. സിക്‌സടിച്ച ശേഷം ഷെല്‍ഡനെ നോക്കി ബട്‌ലര്‍ ഒരു സല്യൂട്ട് പാസാക്കുകയായിരുന്നു.

ഷെല്‍ഡണ്‍ കോട്രല്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത് ഇത്തരത്തില്‍ സല്യൂട്ട് നല്‍കിയാണ്. അത് ബട്‌ലര്‍ തിരിച്ചുനല്‍കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മുന്‍ മത്സരങ്ങളില്‍ വിക്കറ്റുകള്‍ നേടിയതിന് ശേഷം പലതവണ ഷെല്‍ഡണ്‍ സല്യൂട്ടടിച്ച് ആഘോഷം നടത്തിയിരുന്നു. തങ്ങള്‍ക്കെതിരെ പല തവണ ഷെല്‍ഡണ്‍ നടത്തിയ സല്യൂട്ട് ആഘോഷം ഇത്തവണ ബട്‌ലര്‍ തിരിച്ചുകൊടുക്കുകയായിരുന്നു.

മത്സരം നടന്ന ഗ്രെനേഡ ദേശീയ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം സിക്സര്‍ മഴയായിരുന്നു. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ടീമെന്ന നേട്ടവും ഇംഗ്ലണ്ട് സ്വന്തമാക്കി. 24 സിക്സറുകളാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. 

46 സിക്‌സുകളാണ് മത്സരത്തില്‍ ആകെ പിറന്നത്. കിട്ടിയതെല്ലാം വിന്‍ഡീസ് ഗെയിലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിന് തിരിച്ചു കൊടുക്കാന്‍ ശ്രമിച്ചെങ്കിലും 22 സിക്സുകള്‍ മാത്രമേ നേടാനായുള്ളൂ. വിന്‍ഡീസിനായി വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ 162 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 29 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

Content Highlights: jos buttler wallops sheldon cottrell for six gives him a salute