ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയ്ക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുത്തിയത് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറായിരുന്നു. 

ആദ്യ ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ഏഴിന് 198 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് സ്‌കോര്‍ 332-ല്‍ എത്തിച്ചത് ബട്ട്‌ലറിന്റെ ഇന്നിങ്‌സാണ്. ഇപ്പോഴിതാ ടെസ്റ്റിലെ തന്റെ ബാറ്റിങ് രഹസ്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഈ വെടിക്കെട്ടു താരം. 

നമ്മള്‍ ബാറ്റു ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് കൃത്യമായി മനസിലാക്കിയ ശേഷം അതിനനുസരിച്ച് കളിച്ചാല്‍ മതിയെന്ന് ബട്ട്‌ലര്‍ പറയുന്നു. മേയില്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശേഷം 51 റണ്‍സ് ശരാശരിയില്‍ 510 റണ്‍സ് അടിച്ചുകൂട്ടി മികച്ച ഫോമിലാണ് ബട്ട്‌ലര്‍.

വാലറ്റത്ത് ബാറ്റ് ചെയ്യേണ്ടി വരുന്നതൊന്നും താന്‍ കാര്യമാക്കിറില്ലെന്ന് ബട്ട്‌ലര്‍ പറയുന്നു. എവിടെ ബാറ്റു ചെയ്യുന്നു എന്നത് തന്നെ ബാധിക്കാറില്ല. മെല്ലെ തുടങ്ങി പതിയെ താളം കണ്ടെത്തുന്നത് താന്‍ ആസ്വദിക്കുന്നതായും ബട്ട്‌ലര്‍ വ്യക്തമാക്കി.

''ഏകദിനത്തില്‍ ബാറ്റു ചെയ്യുന്നതു പോലെ തന്നെ ടെസ്റ്റിലും ബാറ്റു ചെയ്യാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെയല്ല അതിനെ സ്വീകരിച്ചത്. ക്രീസിലെത്തി ഉടന്‍ തന്നെ ഷോട്ടുകള്‍ കളിച്ചു തുടങ്ങുന്നത് സ്വീകാര്യമായി തോന്നിയിരുന്നില്ല. ഓരോ പന്തും വിലയിരുത്തിയ ശേഷമാണ് നമ്മള്‍ എങ്ങനെ കളിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലേക്കെത്തുന്നത്. സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കി അതിനനുസരിച്ച് കളിക്കുന്നതാണ് ഉചിതം'', ബട്ട്‌ലര്‍ വ്യക്തമാക്കി.

Content Highlights: jos buttler reveals his mantra for batting in test cricket