മാഞ്ചെസ്റ്റർ: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം സതാംപ്ടണിലെ ബയോ സെക്യുർ ബബിൾ വിട്ടു.

ചൊവ്വാഴ്ചയാണ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു.

സെപ്റ്റംബർ 11-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുമ്പ് ബട്ട്ലർ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയനാകുകയും ഫലം നെഗറ്റീവാകുകയും ചെയ്തെങ്കിൽ മാത്രമേ ഇനി താരത്തിന് ടീമിനൊപ്പം ചേരാനാകൂ.

ആദ്യ രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ടിനായി ഓപ്പൺ ചെയ്ത ബട്ട്ലർ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ആദ്യ മത്സരത്തിൽ 29 പന്തിൽ നിന്ന് 44 റൺസടിച്ച ബട്ട്ലർ രണ്ടാം മത്സരത്തിൽ 54 പന്തിൽ നിന്ന് 77 റൺസുമായി ഇംഗ്ലണ്ടിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

ബട്ട്ലർ വിട്ടുനിൽക്കുന്നതോടെ ഇംഗ്ലണ്ടിനായി ടോം ബാന്റൺ ഓപ്പണിങ്ങിന് ഇറങ്ങുമെന്ന് ഉറപ്പായി.

Content Highlights: Jos Buttler leaves bio-bubble to be with family miss 3rd T20