മാഞ്ചെസ്റ്റര്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വിശ്വസ്തനായ താരങ്ങളില്‍ ഒരാളാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍. എന്നാല്‍ ടെസ്റ്റില്‍ അടുത്തകാലത്തായി അതല്ല സ്ഥിതി. ആഷസ് അടക്കം കഴിഞ്ഞ 13 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് താരത്തിന് നേടാനായത്. പാകിസ്താനെതിരായ മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ വിക്കറ്റിനു പിന്നിലെ പിഴവുകളും കൂടിയായതോടെ ബട്ട്‌ലര്‍ നോട്ടപ്പുള്ളിയായിരുന്നു.

വിക്കറ്റിനു പിന്നിലെ ആ കേടുപാടുകളെല്ലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റിനു മുന്നില്‍ നിന്ന് ബാറ്റുകൊണ്ട് ബട്ട്‌ലര്‍ തീര്‍ത്തു. പാകിസ്താന്‍ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തിയതില്‍ ബട്ട്‌ലറുടെ ഇന്നിങ്‌സ് നിര്‍ണായകമാകുകയായിരുന്നു.

എന്നാല്‍ മത്സരത്തിനു മുമ്പ് ഇത് തന്റെ അവസാന ടെസ്റ്റാകുമോ എന്ന് ഭയന്നിരുന്നതായി ബട്ട്‌ലര്‍ മത്സര ശേഷം വെളിപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് ക്യാപ്റ്റന്‍ ജോ റൂട്ട് ചേസ് ചെയ്യാനുള്ള തന്റെ കഴിവിനെ കുറിച്ച് ഓര്‍മപ്പെടുത്തിയതായും ഏകദിന മത്സരം പോലെ കാണാന്‍ നിര്‍ദേശിച്ചതായും ബട്ട്‌ലര്‍ വ്യക്തമാക്കി.

ടെസ്റ്റ് ടീമില്‍ താനൊരു ബാധ്യതയായി മാറുകയാണോ എന്ന് തോന്നിയിട്ടുണ്ടെന്നും മാഞ്ചെസ്റ്ററിലെ ഇന്നിങ്‌സ് ഏറെ ആശ്വാസം നല്‍കിയെന്നും ബട്ട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. മാഞ്ചെസ്റ്ററില്‍ വിക്കറ്റിനു പിന്നില്‍ ബട്ട്‌ലര്‍ ഒട്ടേറെ പിഴവുകള്‍ വരുത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 156 റണ്‍സെടുത്ത പാക് താരം ഷാന്‍ മസൂദിന് രണ്ടു തവണയാണ് ബട്ട്‌ലര്‍ ജീവന്‍ നല്‍കിയത്.

എന്നാല്‍ പിഴവുകള്‍ക്കെല്ലാം ബട്ട്‌ലര്‍ ബാറ്റു കൊണ്ട് പ്രായശ്ചിത്തം ചെയ്തു. ഒരു ഘട്ടത്തില്‍ അഞ്ചിന് 117 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോസ് ബട്ട്ലര്‍ - ക്രിസ് വോക്സ് സഖ്യമാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 139 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോറിലേക്ക് ചേര്‍ത്തത്.

ജോസ് ബട്ട്ലര്‍ 101 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സുമടക്കം 75 റണ്‍സെടുത്തപ്പോള്‍ ക്രിസ് വോക്സ് 120 പന്തില്‍ 10 ബൗണ്ടറികളോടെ 84 റണ്‍സുമായി പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഈ സഖ്യം ജയിക്കാനുറച്ചു തന്നെയാണ് ബാറ്റ് ചെയ്തത്. ആക്രണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് തെളിയിച്ച് ഏകദിന ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്.

Content Highlights: Jos Buttler feared it may be his final Test before match winning knock in Manchester