കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ വെര്‍നോണ്‍ ഫിലാന്‍ഡറെ അസഭ്യം പറഞ്ഞ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കെതിരേ നടപടിക്ക് സാധ്യത. ഐ.സി.സി ബട്‌ലര്‍ക്ക് പിഴ ശിക്ഷ വിധിച്ചേക്കും. കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസമാണ് വിവാദ സംഭവം അരങ്ങേറിയത്.

ദക്ഷിണാഫ്രിക്കയുടെ സമനിലയ്ക്കായി ഫിലാന്‍ഡര്‍ പ്രതിരോധിച്ചു കളിക്കുന്നതിനിടയിലാണ് ബട്‌ലര്‍ തെറി വിളിച്ചത്. തെറിവിളി കേട്ട് ഫിലാന്‍ഡര്‍ രൂക്ഷമായി നോക്കിയെങ്കിലും ബട്‌ലര്‍ വീണ്ടും തെറി വിളിക്കുകയായിരുന്നു. ഇതെല്ലാം സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തതോടെ ബട്‌ലര്‍ കുരുക്കിലാകുകയായിരുന്നു. ഈ വീഡിയോ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. ചിലര്‍ ബട്‌ലറെ വിമര്‍ശിച്ചപ്പോള്‍ മറ്റുചിലര്‍ പറയുന്നത് ഇതെല്ലാം ക്രിക്കറ്റില്‍ സാധാരണ സംഭവമാണെന്നാണ്. 

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ഫിലാന്‍ഡറുടെ അവസാന പരമ്പര കൂടിയാണിത്. ആ പരിഗണനയെങ്കിലും ബട്‌ലര്‍ നല്‍കണമായിരുന്നു എന്നും ചില ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണും നിലവിലെ ക്യാപ്റ്റന്‍ ജോ റൂട്ടും ബട്‌ലര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ബട്‌ലറെ വെറുതെ വിടണമെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ ഇങ്ങനെയെല്ലാം ഉണ്ടാകുമെന്നും ആയിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്. 'ബട്‌ലറുടെ പെരുമാറ്റം അത്ര മോശമല്ല. വൈകാരികത അല്‍പം കടന്നുപോയെങ്കിലും അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടില്ല. ടെലിവിഷനില്‍ അല്‍പം എരിവ് ആരാണ് ഇഷ്ടപ്പെടാത്തത്.' ഇതായിരുന്നു റൂട്ടിന്റെ പ്രതികരണം.

ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബട്‌ലര്‍ പറയുന്നത് വ്യക്തവും ഉച്ചത്തിലാണെന്നുമായിരുന്നു സ്റ്റെയ്‌നിന്റെ ട്വീറ്റ്. 

മത്സരത്തില്‍ 51 പന്തില്‍ എട്ടു റണ്‍സാണ് ഫിലാന്‍ഡര്‍ നേടിയത്. എന്നാല്‍ ഈ ചെറുത്തുനില്‍പ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചില്ല. 189 റണ്‍സിന് വിജയിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി. ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക 107 റണ്‍സിന് വിജയിച്ചിരുന്നു. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

 

Content Highlights: Jos Buttler Constantly Abuses Retiring Vernon Philander