ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിന്റെ പരിശീലകന്‍ ഗ്രഹാം തോര്‍പ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാലുടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളില്‍ ബെയര്‍‌സ്റ്റോ ഇംഗ്ലണ്ടിന് വേണ്ടി കളിക്കും. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ബെയര്‍സ്‌റ്റോയ്ക്ക് ടീം വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ മികച്ച റെക്കോഡുള്ള താരത്തെ രണ്ടാം ടെസ്റ്റില്‍ തന്നെ കൊണ്ടുവരാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13-ന് ചെന്നൈയിലാണ് ആരംഭിക്കുക. ബെയര്‍‌സ്റ്റോ ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നും തോര്‍പ്പ് വ്യക്തമാക്കി. ആദ്യ രണ്ടുടെസ്റ്റുകളില്‍ നിന്നും ബെയര്‍‌സ്റ്റോയെ ഒഴിവാക്കിയതില്‍ നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഈയിടെ അവസാനിച്ച ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നായകന്‍ ജോ റൂട്ട് കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് ബെയര്‍സ്‌റ്റോ. രണ്ട് ടെസ്റ്റുകളില്‍ നിന്നുമായി 46.33 ശരാശരിയില്‍ 139 റണ്‍സ് താരം നേടിയിട്ടുണ്ട്.

ബെയര്‍സ്‌റ്റോയെക്കൂടാതെ പേസ് ബൗളര്‍ മാര്‍ക്ക് വുഡ്, ഓള്‍റൗണ്ടര്‍ സാം കറന്‍ എന്നിവര്‍ക്കാണ് ആദ്യ രണ്ട് ടെസ്റ്റുകളില്‍ വിശ്രമം അനുവദിച്ചത്. റൊട്ടേഷന്‍ സിസ്റ്റം പ്രകാരമാണ് താരങ്ങളെ പുറത്തിരുത്തുന്നത്. 

ഇംഗ്ലണ്ടിന്റെ മികച്ച ഇലവനെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇറക്കാത്തതിനെച്ചൊല്ലി മുന്‍ ഇംഗ്ലണ്ട് താരങ്ങളായ കെവിന്‍ പീറ്റേഴ്‌സണ്‍, നാസ്സര്‍ ഹുസ്സൈന്‍, മൈക്കിള്‍ വോണ്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഓസിസിനെ അവരുടെ നാട്ടില്‍ മലര്‍ത്തിയടിച്ച ഇന്ത്യ നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമാണ്. ഇന്ത്യയുടെ അവരുടെ നാട്ടില്‍ നേരിടുമ്പോള്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇറക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം.

ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരങ്ങളിലെ ആദ്യ രണ്ടെണ്ണം ചെന്നൈയിലും ബാക്കിയുള്ള മത്സരങ്ങള്‍ അഹമ്മദാബാദിലും നടക്കും.

Content Highlights: Jonny Bairstow to join England squad after 1st Test vs India England coach Graham Thorpe