ജോണി ബെയർസ്റ്റോ | Photo: twitter.com|englandcricket
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ടിന് അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്.
ബെയര്‍സ്റ്റോ 48 പന്തുകളില്‍ നിന്നും പുറത്താവാതെ 86 റണ്‍സ് നേടി. 9 ഫോറുകളും 4 സിക്സുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. ബെയര്‍സ്റ്റോയാണ് കളിയിലെ താരം. സൗത്ത് ആഫ്രിക്കയില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. നായകന് ഫാഫ് ഡുപ്ലെസി 40 പന്തുകളില്‍ നിന്നും 58 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. 37 റണ്‍സെടുത്ത വാന്‍ ഡെര്‍ ഡ്യുസ്സെനും 30 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടിനായി ഓള്‍റൗണ്ടര്‍ സാം കറന് നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. സൗത്ത് ആഫ്രിക്ക പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്കി.
180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 34 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാര് ക്രീസ് വിട്ടു. ഇതോടെ വലിയൊരു അപകടത്തിലേക്ക് ഇംഗ്ലണ്ട് വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെയര്‍സ്റ്റോ-ബെന്‍സ്റ്റോക്സ് സഖ്യം ഇംഗ്ലണ്ടിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റോക്സ് 37 റണ്‍സെടുത്തു. സൗത്ത് ആഫ്രിക്കയ്ക്കായി ലിന്‍ഡെ, എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Jonny Bairstow Powers England To 5 Wicket Win Over South Africa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..