Photo: twitter.com/bet365
എജ്ബാസ്റ്റണ്‍: ഇന്ത്യയ്ക്കെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 284 റണ്‍സെടുത്തിരുന്നു. ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പതറിയ ഇംഗ്ലീഷ് ടീമിനെ തന്റെ ഒറ്റയാള്‍ പ്രകടനത്തിലൂടെ 200 കടത്തിയത് ജോണി ബെയര്‍സ്റ്റോയാണ്. മറ്റ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് പതറിയ പിച്ചില്‍ ബെയര്‍സ്റ്റോ 140 പന്തുകളില്‍ നിന്ന് രണ്ട് സിക്സും 14 ഫോറുമടക്കം 106 റണ്‍സെടുത്തു.
എന്നാല്‍ തുടക്കത്തില്‍ ബെയര്‍സ്റ്റോയും ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പതറിയിരുന്നു. ഇതിനിടെ താരത്തെ സ്ലെഡ്ജ് ചെയ്ത വിരാട് കോലിയുടെ പ്രവൃത്തിയാണ് ബെയര്‍സ്റ്റോയുടെ തനിസ്വരൂപം പുറത്തുവരാന്‍ കാരണമായത്.
ബെയര്‍സ്റ്റോ 61 പന്തില്‍ നിന്ന് 13 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് കോലി താരത്തോട് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. രണ്ടാം ദിവസത്തെ അവസാന സെഷനില്‍ സ്ലിപ്പില്‍ നിന്നിരുന്ന കോലി ബെയര്‍സ്റ്റോയെ സ്ഥിരമായി സ്ലെഡ്ജ് ചെയ്തിരുന്നു. പിന്നാലെ മൂന്നാം ദിനം കളിയാരംഭിച്ചപ്പോഴും കോലി, ബെയര്‍സ്റ്റോയെ വാക്കുകള്‍ കൊണ്ട് നേരിട്ടു. ഇതിനിടെ കോലിയോട് ബെയര്‍സ്റ്റോ എന്തോ പറഞ്ഞതോടെ ഇരുവരും നേര്‍ക്കുനേര്‍ എത്തി. ഇതോടെ അമ്പയര്‍മാരായ അലിം ദാറും റിച്ചാര്‍ഡ് കെറ്റല്‍ബറോയും എത്തി രംഗം ശാന്തമാക്കുകയായിരുന്നു. തിരിച്ച് ഫീല്‍ഡിങ് പൊസിഷനിലേക്ക് പോകുന്നതിനിടെ ബെയര്‍സ്റ്റോയോട് വായടക്കി കളിയില്‍ ശ്രദ്ധിക്കാന്‍ കോലി പറയുന്നതും കാണാമായിരുന്നു.
എന്നാല്‍ കോലിയുടെ വാക്കുകളില്‍ പ്രകോപിതനായ ബെയര്‍സ്റ്റോ ആ ദേഷ്യം മുഴുവന്‍ തീര്‍ത്തത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നേരെയായിരുന്നു. 61 പന്തില്‍ നിന്ന് 13 റണ്‍സെന്ന നിലയില്‍ നിന്ന ബെയര്‍സ്റ്റോ, അതിനു ശേഷം നേരിട്ട 79 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 93 റണ്‍സാണ്.
രണ്ടാം ദിനത്തിലെ അവസാന സെഷനില്‍ മനഃപൂര്‍വ്വം സമയം നഷ്ടപ്പെടുത്തിയ ബെയര്‍സ്റ്റോയുടെ നടപടി കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചിരുന്നു. ഷമിയുടെ പന്ത് ഗ്ലൗസില്‍ തട്ടിയതിനു
പിന്നാലെ ബെയര്‍സ്റ്റോ ടീം ഫിസിയോയെ വിളിപ്പിച്ചിരുന്നു. കളിതീരാന്‍ 30 മിനിറ്റില്‍ താഴെ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഇക്കാര്യങ്ങളെല്ലാം ഇന്ത്യന്‍ ടീമിനെ അലോസരപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കോലി, ബെയര്‍സ്റ്റോയെ വാക്കുകള്‍ കൊണ്ട് ബുദ്ധിമുട്ടിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..