മുംബൈ: മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ക്രിക്കറ്റ് നായകനായതും ട്വന്റി 20 ലോകകപ്പ് വിജയിച്ചതും ടെസ്റ്റില്‍നിന്ന് വിരമിച്ചതുമെല്ലാം അപ്രതീക്ഷിതമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിനും ധോനിയുടെ അപ്രതീക്ഷിത ഉത്തരം. 

വരുന്ന രണ്ടുമാസം സൈനികസേവനത്തിനായി മാറ്റിവെക്കുകയാണെന്ന് ധോനി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (ബി.സി.സി.ഐ) അറിയിച്ചു. ഇതോടെ, വെസ്റ്റിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ടീമില്‍ ധോനി ഉണ്ടാവില്ലെന്നുറപ്പായി. ഉടന്‍ വിരമിക്കുന്നില്ലെന്നും വ്യക്തമായി. എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച ടീമിനെ പ്രഖ്യാപിക്കും.

ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമോ എന്ന ചോദ്യം ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റതുമുതല്‍ ഉയരുന്നുണ്ട്. അപ്പോഴൊന്നും അദ്ദേഹം മനസ്സുതുറന്നില്ല. രണ്ടുമാസം സൈനികസേവനത്തിനായി മാറ്റിവെക്കുകയാണെന്ന വാര്‍ത്ത ശനിയാഴ്ച തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പുറത്തുവന്നത്. ടെറിട്ടോറിയല്‍ ആര്‍മിയിലെ പാരച്യൂട്ട് റെജിമെന്റില്‍ ഓണററി ലെഫ്റ്റനന്റാണ് ധോനി.

'ധോനി പെട്ടെന്ന് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നില്ല. അര്‍ധ സൈനിക വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ രണ്ടുമാസത്തെ ഇടവേള ആവശ്യപ്പെട്ടിട്ടുണ്ട്. ആ തീരുമാനം സെലക്ഷന്‍ കമ്മിറ്റിയെയും ക്യാപ്റ്റന്‍ കോലിയെയും അറിയിച്ചിട്ടുണ്ട്' '-ബി.സി.സി.ഐ.യിലെ ഉന്നതന്‍ വ്യക്തമാക്കി.

ഓഗസ്റ്റ് മൂന്നിനാണ് വെസ്റ്റിന്‍ഡീസില്‍ പരമ്പര തുടങ്ങുന്നത്. പരമ്പരയില്‍ മൂന്ന് ട്വന്റി 20 യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമുണ്ട്. ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സംശയത്തിലായിരുന്നു. അദ്ദേഹം സ്വയം പിന്മാറിയതോടെ, ആ പേര് ഇനി സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുണ്ടാകില്ല. ഇതോടെ ടീമില്‍നിന്ന് പുറത്തായെന്ന പേരുദോഷവുമുണ്ടാകില്ല. വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുശേഷം ഇന്ത്യയില്‍ തുടര്‍ച്ചയായി മത്സരങ്ങളുണ്ട്. ആ സമയത്ത് ടീമിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയുമുണ്ട്. ധോനിയുടെ തീരുമാനത്തിന് ഇങ്ങനെ പല സാധ്യതകളുണ്ട്.

ധോനിക്കു പകരം ഋഷഭ് പന്ത് ആയിരിക്കും കീപ്പര്‍സ്ഥാനത്തേക്ക് വരിക. ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയും പരിഗണനയിലുണ്ട്.

Content Highlights: Joining Parachute Regiment of Territorial Army for next 2 months MS Dhoni tells BCCI