ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ശ്രദ്ധേയനായ പേസ് ബൗളറാണ് ജോഫ്ര ആർച്ചർ. എന്നാൽ നിരന്തരം പരിക്കുകൾ അലട്ടുന്നത് താരത്തെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഐപിഎല്ലിനായി ഇന്ത്യയിലെത്തി പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ താരം കുറച്ചുകാലം ചികിത്സയിലായിരുന്നു. അതിനുശേഷം കൗണ്ടി ക്രിക്കറ്റിൽ കളിച്ചു തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ താരത്തിന് വീണ്ടും പരിക്കേറ്റു. കൈമുട്ടിന് പരിക്കേറ്റ താരം ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്.

പരിക്കുകൾ പിന്തുടർന്നതോടെ താരത്തിന് നിർണായകമായ പരമ്പരകളെല്ലാം നഷ്ടമായി. ഇപ്പോൾ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പേസർ. ഇപ്പോൾ കൈമുട്ടിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായില്ലെങ്കിൽ ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് താരം വ്യക്തമാക്കുന്നു.

'കരിയറിൽ ഇനിയും വർഷങ്ങൾ എന്റെ മുന്നിലുണ്ട്. അക്കാര്യമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. കൈമുട്ടിനേറ്റ പരിക്കിന് ശാശ്വതമായ ഒരു പരിഹാരമാണ് ഞാൻ അന്വേഷിക്കുന്നത്. ഇപ്പോൾ നടത്തിയ ശസ്ത്രക്രിയ പൂർണ വിജയമായില്ലെങ്കിൽ ഞാൻ ക്രിക്കറ്റ് ഉപേക്ഷിക്കും. അതുകൊണ്ടുതന്നെ വേഗത്തിൽ കളത്തിൽ തിരിച്ചെത്തണമെന്ന ആഗ്രഹം എനിക്കില്ല. എനിക്കും എന്റെ കരിയറിനും ഏറ്റവും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ കാത്തിരിക്കുന്നത്.' ആർച്ചർ വ്യക്തമാക്കുന്നു.

2019-ൽ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ആർച്ചർ ആ വർഷത്തെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറി. ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ്, ആഷസ് പരമ്പരകളാണ് ആർച്ചർ കാത്തിരിക്കുന്നത്. അപ്പോഴേക്കും പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് താരം.

Content Highlights: Jofra Archer Cricket Elbow Injury