ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. 

പേസര്‍ ജോഫ്ര ആര്‍ച്ചറെ മുന്നില്‍ നിര്‍ത്തിയാണ് റൂട്ടിന്റെ മുന്നറിയിപ്പ്. നെറ്റ്‌സില്‍ ആര്‍ച്ചര്‍ പന്തെറിയുന്നത് പ്രകാശവേഗത്തിലാണെന്നാണ് റൂട്ടിന്റെ കമന്റ്.

ഇന്ത്യയ്‌ക്കെതിരേ മികച്ച പേസ് ബൗളിങ് നിരയുമായാണ് ഇംഗ്ലണ്ടിന്റെ വരവ്. ആര്‍ച്ചറെ കൂടാതെ ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ്, ഒലെ സ്റ്റോണ്‍സ് എന്നിവരെല്ലാം ഇംഗ്ലണ്ടിന്റെ പേസ് നിരയില്‍ അണിനിരക്കുന്നു. അന്തിമ ഇലവനില്‍ ഇവരില്‍ ആരെല്ലാം ഇടംപിടിക്കുമെന്ന് കണ്ടറിയണം. 

''നെറ്റ്‌സില്‍ ആര്‍ച്ചറെ നേരിടാന്‍ ഒട്ടും താത്പര്യപ്പെടാത്തയാളാണ് ഞാന്‍. കാരണം പ്രകാശ വേഗത്തിലാണ് അദ്ദേഹം പന്തെറിയുന്നത്. താളം കണ്ടെത്താന്‍ ആര്‍ച്ചര്‍ക്ക് സാധിക്കുന്നുണ്ട്. അത് ഈ പരമ്പരയിലേക്കും കൊണ്ടുവരാനായാല്‍ ആര്‍ച്ചര്‍ക്ക് മികച്ച മുന്നേറ്റം നടത്താം.'' - റൂട്ട് പറഞ്ഞു.

ടെസ്റ്റില്‍ ഏഷ്യന്‍ മണ്ണില്‍ ഇതുവരെ ആര്‍ച്ചര്‍ പന്തെറിഞ്ഞിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേ നേരത്തെ നടന്ന രണ്ട് ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല.

Content Highlights: Jofra Archer bowled at the speed of light at nets says Joe Root