ലോഡ്‌സ്: രണ്ടാം ആഷസ് ടെസ്റ്റ് കാണികള്‍ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ പേടിപ്പെടുത്തുന്ന ബൗണ്‍സറുകള്‍ കണ്ട് കാണികള്‍ തലയില്‍ കൈവെച്ചു. ഒരു ഓവറിലെ എല്ലാ പന്തും 142 കിലോമീറ്ററിനപ്പുറം വേഗതയിലാണ് ആര്‍ച്ചര്‍ എറിഞ്ഞത്. 142.1, 150.8,150.3,150.0, 150.8, 154.7- ഇങ്ങനെയായിരുന്നു ആ ഓവര്‍. ഒരു ഇംഗ്ലീഷ് പേസ് ബൗളറുടെ ഏറ്റവും വേഗതയേറിയ ഒരു ഓവറാണിത്. 

ഇങ്ങനെ ഒരു പന്ത് കൊണ്ട് ഓസീസ് താരം സ്റ്റീവ് സ്മിത്തിന് പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് സ്മിത്തിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് അരങ്ങേറി. ഓള്‍റൗണ്ടര്‍ മാര്‍നസ് ലബൂഷെയ്നായിരുന്നു സ്മിത്തിന്റെ പകരക്കാരന്‍. 

എന്നാല്‍ ലബൂഷെയ്‌നും രക്ഷയില്ലായിരുന്നു. ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ ലബൂഷെയ്‌നേയും പരീക്ഷിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ലബൂഷെയ്‌ന്റെ ഹെല്‍മെറ്റിന്റെ ഗ്രില്ലില്‍ ഇടിച്ചു. ഇതോടെ ലബൂഷെയ്ന്‍ ക്രീസില്‍ വീണു. എന്നാല്‍ പെട്ടന്ന് തന്നെ എഴുന്നേറ്റ താരം പരിക്കൊന്നും പറ്റിയില്ലെന്ന് ഉറപ്പുവരുത്തി. പിന്നീട് ടെസ്റ്റ് കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയുമായി ലബൂഷെയ്ന്‍ ഓസീസിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. 

ആര്‍ച്ചറുടെ പന്തിടിച്ച് വീഴുമ്പോള്‍ എണ്‍പത് റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു സ്റ്റീവ് സ്മിത്ത്. ഹെല്‍മറ്റ് ഉള്ളതുകൊണ്ടാണ് വലിയ ദുരന്തം ഒഴിഞ്ഞത്. പിന്നീട് 45 മിനിറ്റിനുശേഷം വീണ്ടും ബാറ്റ് ചെയ്യാനെത്തി 12 റണ്‍സ് കൂടി ചേര്‍ത്താണ് 92 റണ്‍സിന് പുറത്തായത്.

Content Highlights: Jofra Archer Bouncer Ashes Test England vs Australia Marnus Labuschagne