ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ജോ റൂട്ട്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ 22 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ റൂട്ട്, അലെയ്‌സ്റ്റര്‍ കുക്കിനെ പിന്നിലാക്കി ഒന്നാമതെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 33-ാം ഓവറില്‍ മുഹമ്മദ് സിറാജിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് റൂട്ടിന്റെ നേട്ടം. 

മത്സരത്തില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ 108 പന്തില്‍ 11 ബൗണ്ടറിയുടെ സഹായത്തോടെ 64 റണ്‍സ് നേടി. ടെസ്റ്റില്‍ 50-ാം അര്‍ധ സെഞ്ചുറിയും താരം പൂര്‍ത്തിയാക്കി. 

മൂന്നു ഫോര്‍മാറ്റിലുമായി 15,737 റണ്‍സാണ് കുക്കിന്റെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ഇത്രയും റണ്‍സെടുക്കാന്‍ കുക്ക് 387 ഇന്നിങ്‌സ് കളിച്ചപ്പോള്‍ റൂട്ട് കളിച്ചത് 366 ഇന്നിങ്‌സുകളാണ്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമായി 36 സെഞ്ചുറികളും 89 അര്‍ധ സെഞ്ചുറികളും റൂട്ടിന്റെ അക്കൗണ്ടിലുണ്ട്. 48.65 ആണ് ബാറ്റിങ് ശരാശരി.

13,779 റണ്‍സുമായി കെവിന്‍ പീറ്റേഴ്‌സണാണ് മൂന്നാം സ്ഥാനത്ത്. ഇയാന്‍ ബെല്‍ (13,331) നാലാമതും ഗ്രഹാം ഗൂച്ച് (13,190) അഞ്ചാം സ്ഥാനത്തുമാണ്.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ലോക താരങ്ങളുടെ പട്ടികയില്‍ 29-ാം സ്ഥാനമാണ് റൂട്ടിനുള്ളത്. 34,357 റണ്‍സുമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (28,016) രണ്ടാമതും മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് (27,483) മൂന്നാം സ്ഥാനത്തുമാണ്.

Content Highlights:  Joe Root surpasses Alastair Cook to become England's highest international run-scorer ENG v IND