ഗല്ലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ഇരട്ടസെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 421 റണ്‍സെടുത്തു. റൂട്ട് 228 റണ്‍സെടുത്ത് അവസാനമാണ് പുറത്തായത്. 

റൂട്ടിന്റെ കരിയറിലെ നാലാം ഇരട്ട സെഞ്ചുറിയാണിത്. ഇന്നത്തെ ഇരട്ടസെഞ്ചുറിയിലൂടെ താരം ചില റെക്കോഡുകള്‍ സ്വന്തമാക്കി. നായകനായിരിക്കേ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവുമധികം ഇരട്ട സെഞ്ചുറി നേടിയ താരം എന്ന റെക്കോഡ് റൂട്ട് സ്വന്തമാക്കി. നായകനായിരിക്കേ രണ്ടുഇരട്ട സെഞ്ചുറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ഈ ഇരട്ടസെഞ്ചുറിയുടെ ബലത്തില്‍ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സും തികച്ചു. ഇംഗ്ലണ്ടിനായി 8000 റണ്‍സ് നേടുന്ന എഴാമത്തെ മാത്രം താരമാണ് റൂട്ട്. 12472 റണ്‍സുള്ള അലസ്റ്റര്‍ കുക്കാണ് റണ്‍വേട്ടയില്‍ ഒന്നാമത്.

റൂട്ടിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. താരത്തിന് പുറമേ 73 റണ്‍സെടുത്ത ഡാന്‍ ലോറന്‍സ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

ശ്രീലങ്കയ്ക്കായി ദില്‍റുവാന്‍ പെരേര നാലുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലസിത് എംബുല്‍ദെനിയ മൂന്നുവിക്കറ്റുകള്‍ സ്വന്തമാക്കി. അസിത ഫെര്‍ണാണ്ടോ രണ്ടുവിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക വെറും 135 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് 286 റണ്‍സ് ലീഡായി.

Content Highlights: Joe Root sets new England record with 2nd double hundred as captain, reaches 8000 Test runs