ലണ്ടന്‍: വിറ്റാലിറ്റി ബ്ലാസ്റ്റ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കൈയടിച്ച് ക്രിക്കറ്റ് ലോകം. സിംഗിളിനായി ഓടുന്നതിനിടയില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ ബാറ്റ്‌സ്മാനെ റണ്‍ഔട്ടാക്കാന്‍ ശ്രമിക്കാതെയാണ് റൂട്ട് കൈയടി നേടിയത്.

യോര്‍ക്ഷയറും ലാന്‍കഷയറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സിംഗിളിനായി ഓടുന്നതിനിടയില്‍ ലാന്‍കഷയറിന്റെ ബാറ്റ്‌സ്മാന്‍ സ്റ്റീവന്‍ ക്രോഫ്റ്റ് കാലിന് പരിക്കേറ്റ് വേദനകൊണ്ട് ഗ്രൗണ്ടില്‍ വീണു.യോര്‍ക്ഷയറിന്റെ വിക്കറ്റ് കീപ്പറുടെ കൈയിലേക്ക് പന്ത് എത്തുമ്പോഴും ക്രോഫ്റ്റ് പിച്ചിന്റെ മധ്യത്തില്‍ എഴുന്നേല്‍ക്കാനാകാതെ കിടക്കുകയായിരുന്നു. പന്ത് കൈയിലെടുത്ത് വിക്കറ്റ് കീപ്പര്‍ക്ക് നല്‍കിയ റൂട്ട് ഔട്ടാക്കേണ്ടെന്ന് ആംഗ്യം കാണിച്ചു. 

ആ സമയത്ത് ലാന്‍കഷയറിന് 18 പന്തില്‍ വിജയിക്കാന്‍ 15 റണ്‍സ് വേണമായിരുന്നു. അഞ്ച് വിക്കറ്റാണ് അവരുടെ കൈയിലുണ്ടായിരുന്നത്. ഇത്രയും നിര്‍ണായക സമയമായിരുന്നിട്ടും വിക്കറ്റ് വേണ്ടെന്നായിരുന്നു റൂട്ടിന്റെ നിലപാട്. നിരവധി ആരാധകര്‍ റൂട്ടിന്റെ ഈ നിലപാടിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Content Highlights: Joe Root's Yorkshire display sportsmanship, refuse to run out injured Lancashire batsman