Photo: AFP
എജ്ബാസ്റ്റണ്‍: ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ പരമ്പര സമനിലയിലെത്തിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ജോ റൂട്ട്-ജോണി ബെയര്‍സ്റ്റോ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് അഞ്ചാം ദിനം ആധികാരിക ജയം സമ്മാനിച്ചത്.
ജോ റൂട്ടും (142*) ജോണി ബെയര്‍സ്റ്റോയും (114*) സെഞ്ചുറികളുമായി പുറത്താകാതെനിന്നപ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈ സഖ്യം 316 പന്തില്‍ 269 റണ്‍സ് നേടി.
എജ്ബാസ്റ്റണിലെ സെഞ്ചുറിക്ക് പിന്നാലെ ജോ റൂട്ട് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. ഇന്ത്യയ്ക്കെതിരേ കളിച്ച 45 ഇന്നിങ്സുകളില്‍ നിന്ന് റൂട്ടിന്റെ ഒമ്പതാം സെഞ്ചുറിയായിരുന്നു കഴിഞ്ഞ ദിവസം എജ്ബാസ്റ്റണില്‍ പിറന്നത്.
ഇന്ത്യയ്ക്കെതിരേ എട്ട് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ് (51 ഇന്നിങ്സ്), മുന്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സ് (30 ഇന്നിങ്സ്), വെസ്റ്റിന്‍ഡീസിന്റെ തന്നെ വിവിയന്‍ റിച്ചാര്‍ഡ്സ് (41 ഇന്നിങ്സ്), ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് (28 ഇന്നിങ്സ്) എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്.
ഇതോടൊപ്പം ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. 2012 മുതല്‍ ഇന്ത്യക്കെതിരേ കളിച്ച 25 ടെസ്റ്റില്‍ നിന്ന് 62.72 ശരാശരിയില്‍ 2509 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരേ 38 ടെസ്റ്റില്‍ നിന്ന് 2483 റണ്‍സ് നേടിയ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്ക്കറെയാണ് റൂട്ട് മറികടന്നത്. 2535 റണ്‍സ് നേടിയിട്ടുള്ള സച്ചിന് തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..