ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ടോസ് നേടിയതോടെ അപൂര്‍വ റെക്കോഡുമായി ഇംഗ്ലീഷ് ക്യപാറ്റന്‍ ജോ റൂട്ട്. 20 വര്‍ഷത്തിന് ശേഷം അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ എല്ലാം ടെസ്റ്റിലും ടോസ് വിജയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് റൂട്ട് സ്വന്തം പേരില്‍ കുറിച്ചത്. 1998-99ല്‍ ഓസ്‌ട്രേലിയയുടെ മാര്‍ക്ക് ടെയ്‌ലറാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലായിരുന്നു അത്.
ഇന്ത്യക്കെതിരെ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ടോസ് നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനും ആദ്യ ഇംഗ്ലീഷ് ക്യാപ്റ്റനുമെന്ന റെക്കോഡും റൂട്ട് സ്വന്തമാക്കി. ഇതിന് മുമ്പ് വിന്‍ഡീസിന്റെ ജോണ്‍ ഗൊദാര്‍ദും (1948-49) ക്ലൈവ് ലോയ്ഡുമാണ് (1982-83) ഈ നേട്ടം കൈവരിച്ചത്.
ടോസിന്റെ രണ്ട് സൈഡിലും ഹെഡ്‌സ് ഉണ്ടെങ്കില്‍ മാത്രമേ താന്‍ ടോസ് വിജയിക്കൂ എന്നായിരുന്നു അഞ്ചാം ടെസ്റ്റിലെ ടോസിന് ശേഷം കോലിയുടെ പ്രതികരണം. വിരാട് കോലിയെക്കൂടാതെ ഒരു പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍മാരാണ് ലാലാ അമര്‍നാഥും കപില്‍ ദേവും. രണ്ടും വിന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു. എല്ലാ ടോസും നേടിയ ഏക ഇന്ത്യന്‍ ക്യാപ്റ്റന്‍ ടൈഗര്‍ പട്ടൗഡിയാണ്. 1963-64 ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലായിരുന്നു ഈ നേട്ടം.
Content Highlights: Joe Root first captain to win all tosses in five-match Test