മെല്‍ബണ്‍: ആഷസ് ടെസ്റ്റ് പരമ്പരയില്‍ മുട്ടുകുത്തിയെങ്കിലും വ്യക്തിഗത നേട്ടവുമായി ചരിത്രത്തിലിടം നേടി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡാണ് റൂട്ട് സ്വന്തം പേരിലാക്കിയത്.

മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സ് നേടിയതോടെ ഈ വര്‍ഷം ജോ റൂട്ടിന്റെ ബാറ്റില്‍ നിന്നും പ്രവഹിച്ച റണ്‍സ് 1708 ആയി ഉയര്‍ന്നു. 61.00 ആണ് റൂട്ടിന്റെ ബാറ്റിങ് ശരാശരി. 

ഇതോടെയാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തിലേറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി റൂട്ട് മാറിയത്. 2006-ല്‍ 1788 റണ്‍സ് നേടിയ പാകിസ്താന്റെ മുഹമ്മദ് യൂസഫാണ് പട്ടികയില്‍ ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സ് 1710 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 1976-ലാണ് റിച്ചാര്‍ഡ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. 

വെറും രണ്ട് റണ്‍സ് അകലെയാണ് റൂട്ടിന് റിച്ചാര്‍ഡ്‌സിനെ മറികടക്കാനുള്ള അവസരം നഷ്ടമായത്. ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്തിന്റെ റെക്കോഡ് മറികടന്നാണ് റൂട്ട് മൂന്നാം സ്ഥാനത്തെത്തിയത്. 2021-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിക്കൊണ്ട് റൂട്ട് റെക്കോഡ് സ്വന്തമാക്കിയിരുന്നു. 

Content Highlights: Joe Root finishes 2021 with third-most calendar year Test runs in history