Photo: twitter.com/ICC
ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തെ പ്രകടനമെടുത്തുനോക്കുമ്പോള് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററായി മാറുകയാണ് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ബാറ്റ് കൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ മായാജാലം തീര്‍ക്കുന്ന റൂട്ടിന് മുന്നില്‍ പല റെക്കോഡുകളും വഴിമാറി.
ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലൂടെ വലിയൊരു റെക്കോഡ് റൂട്ട് സ്വന്തം പേരില്‍ കുറിച്ചു. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റര്‍ എന്ന റെക്കോഡാണ് റൂട്ട് സ്വന്തമാക്കിയത്. ഇതിഹാസ താരം അലിസ്റ്റര്‍ കുക്കാണ് ആദ്യമായി ഇംഗ്ലണ്ടിന് വേണ്ടി 10000 റണ്‍സ് നേടിയത്.
കുക്കിനേക്കാളും വേഗത്തിലാണ് റൂട്ട് 10000 റണ്‍സ് നേടിയത്. കുക്ക് 229 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ റൂട്ടിന് വെറും 218 ഇന്നിങ്സുകള്‍ മാത്രമാണ് 10000 റണ്‍സിലെത്താന്‍ വേണ്ടിവന്നത്. റൂട്ട് ഈ ഫോം തുടരുകയാണെങ്കില്‍ സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡ് ഇപ്പോഴും സച്ചിന്റെ കൈയ്യില്‍ ഭദ്രമാണ്. 15921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. എന്നാല്‍ 31 വയസ്സ് മാത്രമാണ് റൂട്ടിന്റെ പ്രായം. ഇനിയും കരിയര്‍ ബാക്കി കിടക്കുകയാണ്. റൂട്ട് ഈ ഫോം തുടര്‍ന്നാല്‍ സച്ചിന്റെ റെക്കോഡ് പഴങ്കഥയാകുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കിള്‍ വോണ്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു.
നിലവില്‍ 218 ഇന്നിങ്സുകളില്‍ നിന്ന് 10015 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. 49.58 ശരാശരിയില്‍ 26 സെഞ്ചുറികളും അഞ്ച് ഇരട്ടസെഞ്ചുറികളും 53 അര്‍ധസെഞ്ചുറികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..