ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഒരു റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ടിനായി 100 ടെസ്റ്റ് മത്സരം കളിക്കുന്ന പതിനഞ്ചാമത്തെ താരം എന്ന റെക്കോഡാണ് റൂട്ട് സ്വന്തമാക്കിയത്.

അതിന്റെ ഭാഗമായി റൂട്ട് ബെന്‍ സ്‌റ്റോക്‌സില്‍ നിന്നും ഇന്നത്തെ മത്സരത്തിലെ തൊപ്പി ഏറ്റുവാങ്ങി. ഈയിടെ അവസാനിച്ച ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ റൂട്ട് മികച്ച ഫോമിലായിരുന്നു. 228 റണ്‍സും 186 റണ്‍സും നേടി ടീമിന് പരമ്പര നേടിക്കൊടുത്ത് പരമ്പരയുടെ താരമാകാന്‍ റൂട്ടിന് സാധിച്ചു.

ജോ റൂട്ട് ഇന്ത്യയ്‌ക്കെതിരേ 2012-ലാണ് ആദ്യമായി ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇതുവരെ 8249 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞു. അതില്‍ 19 സെഞ്ചുറികളും 49 അര്‍ധസെഞ്ചുറികളുമുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമതാണ് റൂട്ട്.

മുന്‍ നായകന്‍ അലസ്റ്റര്‍ കുക്ക് (12472 റണ്‍സ്), ഗ്രഹാം ഗൂച്ച് (8900 റണ്‍സ്), അലെക് സ്റ്റ്യൂവര്‍ട്ട് (8463 റണ്‍സ്) എന്നിവരാണ് റൂട്ടിന് മുന്നിലുള്ളത്.

Content Highlights: Joe Root becomes 15th English cricketer to play 100 Tests