ലോഡ്‌സ്: ആ തോല്‍വി എങ്ങനെ അംഗീകരക്കാനാണ്...? ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന് ഇപ്പോഴും അതിന്റെ നിരാശ വിട്ടുമാറിയിട്ടില്ല. മുടിനാരിഴ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടത് ലോകകിരീടമാണ്. 

ഫൈനലിലെ തോല്‍വിക്ക് തൊട്ടുപിന്നാലെ തന്റെ നിരാശ എത്രത്തോളമുണ്ടെന്ന് നീഷാം പങ്കുവെച്ചിരുന്നു. സ്‌പോര്‍ട്‌സ് ഒരിക്കലും കരിയറായി തിരഞ്ഞെടുക്കരുതെന്ന് കുട്ടികളെ ഓര്‍മപ്പെടുത്തുകയാണ് നീഷാം. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു കിവീസ് ഔള്‍റൗണ്ടറുടെ പ്രതികരണം.

'കുട്ടികളേ...അറുപത് വയസ്സ് വരെ സന്തോഷത്തോടെ ജീവിച്ച് മരിക്കണമെങ്കില്‍ ദയവു ചെയ്ത് സ്‌പോര്‍ട്‌സിലേക്ക് വരരുത്. വല്ല പാചകവും കരിയറായി തിരഞ്ഞെടുക്കൂ..' ഇതായിരുന്നു നീഷാമിന്റെ ട്വീറ്റ്. 

ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ ആഗ്രഹം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷേ അത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളോട് ക്ഷമിക്കുക. ഇത് തീര്‍ത്തും വേദനാജനകമാണ്. അടുത്ത ദശകമെത്തുമ്പോഴേക്കും ലോഡ്‌സിലെ അവസാന അരമണിക്കൂറിനെ കുറിച്ച് ചിന്തിക്കാത്തതായി എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസങ്ങളുണ്ടായേക്കാം. ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ആ കിരീടം അര്‍ഹിക്കുന്നു. നീഷാമിന്റെ ട്വീറ്റില്‍ പറയുന്നു.

സൂപ്പര്‍ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനൊപ്പം ബാറ്റ് ചെയ്യാനെത്തിയത് നീഷാം ആയിരുന്നു. നീഷാമിന്റെ മികവിലാണ് ന്യൂസീലന്‍ഡ് സൂപ്പര്‍ ഓവറും സമനിലയാക്കിയത്. ജോഫ്ര ആര്‍ച്ചറെ സൂപ്പര്‍ ഓവറില്‍ സിക്‌സ് അടിക്കുകയും ചെയ്തു. ന്യൂസീലന്‍ഡിനായി ഏഴ് ഓവര്‍ എറിഞ്ഞ് 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു. 

Content Highlights: Jimmy Neesham tweet after world cup loss