2019 ഏകദിന ലോകകപ്പ് ഫൈനലിനെ വിവാദത്തിലാക്കിയ ബൗണ്ടറി നിയമം കഴിഞ്ഞ ദിവസം ഐ.സി.സി എടുത്ത് കളഞ്ഞിരുന്നു. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ നടന്ന ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ വന്നപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഇത്തരത്തില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ വന്നാല്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന നിയമമാണ് ഐ.സി.സി എടുത്തുകളഞ്ഞത്. ഇതിനു പിന്നാലെ ഐ.സി.സിയെ പരിഹസിച്ച് കിവീസിന്റെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ജിമ്മി നീഷാം ട്വിറ്ററിലൂടെ രംഗത്തെത്തി.

അടുത്ത അജണ്ട ടൈറ്റാനിക്കിലെ ഐസ് സ്‌പോട്ടേഴ്‌സിന് മികച്ച ബൈനോക്കുലറുകള്‍ നല്‍കുകയാണെന്ന് നീഷാം ട്വിറ്ററില്‍ കുറിച്ചു. അതേസമയം മുന്‍ കിവീസ് താരം ക്രെയ്ഗ് മക്മില്ലനും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇത് അല്‍പ്പം വൈകിപ്പോയെന്നു പറഞ്ഞ മക്മില്ലന്‍, പന്ത് ബാറ്റ്സ്മാന്റെ ദേഹത്തോ ബാറ്റിലോ തട്ടി ബൗണ്ടറിയായാല്‍, റണ്‍സ് അനുവദിക്കുന്ന നിയമത്തിന്റെ കാര്യത്തില്‍ എന്തുമാറ്റമാണ് ഉണ്ടാകുകയെന്നും മക്മില്ലന്‍ ചോദിച്ചു. ലോകകപ്പ് ഫൈനലില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ ദേഹത്തു തട്ടി പന്ത് ബൗണ്ടറിയിലെത്തിയപ്പോള്‍ റണ്‍സ് അനുവദിച്ചിരുന്നു.

Jimmy Neesham takes dig at ICC's Super Over rule

ലോകകപ്പ് ഫൈനല്‍ വിജയികളെ തീരുമാനിച്ചതില്‍ വിവിധ കോണുകളില്‍ നിന്നും ഐ.സി.സിക്കെതിരേ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അമ്പയര്‍ കുമാര്‍ ധര്‍മസേനയ്‌ക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെയാണ് ഈ നിയമം പുനഃപരിശോധിക്കാന്‍ ഐ.സി.സി തീരുമാനിച്ചതും ഇപ്പോള്‍ ഒഴിവാക്കിയതും.

Content Highlights: Jimmy Neesham takes dig at ICC's Super Over rule