കിംമ്പേര്‍ലി: ഇന്ത്യയുടെ പേസ് ബൗളര്‍ ജുലന്‍ ഗോസ്വാമിക്ക് റെക്കോഡ്. ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡാണ് ജുലന്‍ സ്വന്തമാക്കിയത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകിദനത്തിലാണ് വെറ്ററന്‍ പേസ് ബൗളര്‍ ഈ നേട്ടം പിന്നിട്ടത്.

166-ാം ഏകദിനം കളിക്കുന്ന മുപ്പത്തിയഞ്ചുകാരി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ലൗറ വോള്‍വാര്‍ദ്‌ത്തെ പുറത്താക്കിയാണ് ചരിത്രനേട്ടത്തിലെത്തിയത്. ആദ്യമായി 200 വിക്കറ്റ് പൂര്‍ത്തിയക്കായി പുരുഷ താരവും ഇന്ത്യയില്‍ നിന്നു തന്നെയാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവാണ് ആ താരം.

കഴിഞ്ഞ വര്‍ഷം മെയില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന വനിതാ താരമായിരുന്നു ജുലന്‍ ഗോസ്വാമി. ഓസ്‌ട്രേലിയന്‍ താരം കാതറിന്‍ ഫിറ്റ്‌സ്പാട്രികിന്റെ പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡാണ് ഗോസ്വാമി മറികടന്നത്. 2007ലെ ഐ.സി.സിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും ജുലന് ലഭിച്ചിരുന്നു. പശ്ചിമ ബംഗാളിലെ നദിയ സ്വദേശിയായ ജുലന്‍ 2002ലാണ് അ്ന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.