.jpg?$p=07695fc&f=16x10&w=856&q=0.8)
ജാർഖണ്ഡ് നാഗാലാൻഡ് മത്സരത്തിൽ നിന്ന് | Screengrab: twitter.com/BCCIdomestic
കൊല്‍ക്കത്ത: ഒന്നാമിന്നിങ്സില്‍ 591 റണ്‍സിന്റെ ലീഡ് നേടിയാല്‍ സാധാരണഗതിയില്‍ എതിര്‍ടീമിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയാണ് ഒരു ടീം ചെയ്യുക. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്ത് വീണ്ടും കൂറ്റന്‍ സ്കോര്‍ നേടി രണ്ടാമിന്നിങ്സില്‍ ആകെ ലീഡ് ആയിരം കടത്തി റെക്കോഡ് ഇട്ടിരിക്കുകയാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരെയാണ് ജാര്‍ഖണ്ഡ് അപൂര്‍വ റെക്കോഡ് കരസ്ഥമാക്കിയത്.
കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന രഞ്ജി ട്രോഫി പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാണ് ജാര്‍ഖണ്ഡും ദുര്‍ബലരായ നാഗാലാന്‍ഡും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഒന്നാമിന്നിങ്സില്‍ 880 റണ്‍സിന് എല്ലാവരും പുറത്തായി. ഹിമാലയന്‍ സ്കോര്‍ നേടിയപ്പോള്‍ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പായി. മറുപടി ബാറ്റിങ് ആരംഭിച്ച നാഗാലാന്‍ഡ് 289 റണ്‍സിന് പുറത്തായി.
591 റണ്‍സ് ലീഡുള്ള ജാര്‍ഖണ്ഡ് എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കുമെന്നാണ് കരുതിയതെങ്കിലും തീരുമാനം ഏവരേയും ഞെട്ടിച്ച് വീണ്ടും ബാറ്റ് ചെയ്യാനായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റിന് 417 എന്ന സ്കോറിലെത്തിയപ്പോള്‍ ടീമിന്റെ ആകെ ലീഡ് 1008 റണ്‍സ്. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.
അതേസമയം ജയം ഉറപ്പായ മത്സരത്തില്‍ റെക്കോഡ് കുറിക്കാനായി ജാര്‍ഖണ്ഡ് നടത്തിയ നീക്കത്തിന് വിമര്‍ശനവുമുയര്‍ന്നു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാത്ത പ്രവര്‍ത്തിയായിപ്പോയി എന്നാണ് വിമര്‍ശനം എന്നാല്‍ ടീം ഒരിക്കലും റെക്കോഡിന് വേണ്ടിയല്ല ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നും മറിച്ച് ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിന് വേണ്ടി മാത്രമാണെന്നും പരിശീലകന് എസ്എസ് റാവു പ്രതികരിച്ചു.
74 വര്‍ഷം മുന്‍പ് മഹാരാഷ്ട്രയ്ക്കെതിരെ മുംബൈ നേടിയ 958 റണ്‍സിന്റെ ലീഡ് എന്ന റെക്കോഡാണ് ജാര്‍ഖണ്ഡ് പഴങ്കഥയാക്കിയത്. മത്സരത്തില്‍ മൂന്ന് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയുമാണ് ജാര്‍ഖണ്ഡ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. 294 ഓവറുകളാണ് രണ്ട് ഇന്നിങ്സുകളിലായി നാഗാലാന്‍ഡ് ബൗളര്‍മാര്‍ എറിഞ്ഞത്. 16 വിക്കറ്റുകളാണ് അവര്‍ക്ക് നേടാനായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..