റാഞ്ചി: ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ എയും ഇന്ത്യ ബിയും തമ്മിലുള്ള മത്സരത്തിനിടെ ജയ്‌ദേവ് ഉനദ്കട്ടിന് സംഭവിച്ചത് വന്‍ അബദ്ധം. ഇന്ത്യ എ ടീം താരമായ ഉനദ്കട്ട് ബാറ്റിങ്ങിനിടയില്‍ ക്രീസില്‍ ബാറ്റു കുത്താന്‍ മറന്ന് പിച്ച് പരിശോധിക്കാന്‍ പോയി. കിട്ടിയ അവസരം ഇന്ത്യ ബി ടീം മുതലെടുത്തു. ജയ്‌ദേവ് ഉനദ്കട്ട് പുറത്ത്.

ഇന്ത്യ എയുടെ ബാറ്റിങ്ങിനിടെ 43-ാം ഓവറിലാണ് സംഭവം. 303 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇന്ത്യ എ ടീം മറുപടി ബാറ്റിങ്ങിനിറങ്ങിയത്. അടുത്തിടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഷഹബാസ് നദീം ആയിരുന്നു ആ സമയത്ത് ഇന്ത്യ ബി ടീമിന്റെ ബൗളര്‍. 43-ാം ഓവറിലെ അഞ്ചാം പന്ത് ക്രീസില്‍ നിന്ന് കുറച്ച് മുന്നോട്ടുകയറി പ്രതിരോധിച്ച ഉനദ്കട്ടിന്റെ കാല്‍ ചെറുതായിട്ടൊന്ന് തെന്നി. ശേഷം തിരികെ ക്രീസില്‍ എത്താന്‍ ശ്രമിക്കുന്നതിന് പകരം പിച്ച് പരിശോധിക്കുകയായിരുന്നു താരം. പിന്നീട് പതുക്കെ ക്രീസിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും റണ്‍ഔട്ടായിരുന്നു. 

ഉനദ്കട്ടിന്റെ അശ്രദ്ധ കണ്ട് കേദര്‍ ജാദവ് പന്ത് വേഗത്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന് എറിഞ്ഞുകൊടുക്കുകയായിരുന്നു. പാര്‍ഥിവ് ഉടന്‍ സ്റ്റമ്പ് ഇളക്കി. ഇതോടെ ഇന്ത്യ എ ടീം എട്ടു വിക്കറ്റിന് 176 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. ഒടുവില്‍ 194 റണ്‍സിന് എല്ലാവരും പുറത്തായി. 108 റണ്‍സിന് ഇന്ത്യ ബി ടീം വിജയിച്ചു.

Content Highlights: Jaydev Unadkat forgets to get back to the crease after playing a shot gets run out