ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജയന്ത് യാദവും നവ്ദീപ് സൈനിയും ടീമിലിടം നേടി. പരിക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മ കളിക്കില്ല. പകരം കെ.എല്‍.രാഹുല്‍ ടീമിനെ നയിക്കും. 

19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. യുവതാരങ്ങളായ വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദുമെല്ലാം ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ടീമിലില്ല. 

ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിന്റെ സഹനായകന്‍. രാഹുല്‍, വിരാട് കോലി, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍, ഋതുരാജ് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. വെങ്കടേഷ് അയ്യര്‍,ജയന്ത് യാദവ് എന്നിവര്‍ ഓള്‍റൗണ്ടറുടെ റോളിലുണ്ട്. ഋഷഭ് പന്തും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം നേടി. 

ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നിവര്‍ ബൗളിങ് നിരയില്‍ ഇടം നേടി. 

പരിക്കിന്റെ പിടിയിലായ സിറാജിന് പകരക്കാരനായാണ് സൈനി ടീമിലിടം നേടിയത്. കോവിഡ് ബാധിച്ച വാഷിങ്ടണ്‍ സുന്ദറിന് പകരം ജയന്ത് യാദവ് ടീമിലിടം നേടി. 

ജനുവരി 19 നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ജനുവരി 21 ന് രണ്ടാം ഏകദിനവും 23 ന് മൂന്നാം ഏകദിനവും നടക്കും. 

ടീം ഇന്ത്യ: കെ.എല്‍.രാഹുല്‍ (നായകന്‍), ജസ്പ്രീത് ബുംറ (സഹനായകന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ്സ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, ജയന്ത് യാദവ്.

Content Highlights: Jayant Yadav and Navdeep Saini added to ODI squad for series against South Africa