കൊൽക്കത്ത: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ആവേശത്തോടെ പുരോഗമിക്കുന്നതിനിടെ വേറിട്ട മത്സരവുമായി ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ. സംഘടനയിലെ അംഗങ്ങളെ രണ്ടായി തിരിച്ച് ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ബി.സി.സി.ഐ. 

പ്രസിഡന്റ് ഇലവന്‍, സെക്രട്ടറി ഇലവന്‍ എന്നീ ടീമുകളാണ് പരസ്പരം ഏറ്റുമുട്ടിയത്. ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ ഗാംഗുലിയുടെ കീഴില്‍ പ്രസിഡന്റ് ഇലവനും സെക്രട്ടറി ജയ് ഷായുടെ കീഴില്‍ സെക്രട്ടറി ഇലവനും കളിക്കാനിറങ്ങി. 

ആവേശകരമായ മത്സരത്തില്‍ പ്രസിഡന്റ് ഇലവനെ സെക്രട്ടറി ഇലവന്‍ ഒരു റണ്ണിന് കീഴടക്കി. 15 ഓവര്‍ മത്സരമാണ് നടന്നത്. ആദ്യം ബാറ്റ് ചെയ്ത സെക്രട്ടറി ഇലവന്‍ 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. 40 റണ്‍സെടുത്ത ജയ്‌ദേവ് ഷായും 36 റണ്‍സെടുത്ത അരുണ്‍ ധുമാലും ടീമിനുവേണ്ടി തിളങ്ങി. പ്രസിഡന്റ് ഇലവന് വേണ്ടി സൗരവ് ഗാംഗുലി 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. 

129 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്റ് ഇലവന് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 35 റണ്‍സെടുത്ത നായകന്‍ സൗരവ് ഗാഗംഗുലിയാണ് ടീമിനുവേണ്ടി തിളങ്ങിയത്. ആറാമനായി ഇറങ്ങിയ ഗാംഗുലി 20 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 35 റണ്‍സെടുത്ത് റിട്ടയര്‍ ചെയ്തു. 

സെക്രട്ടറി ഇലവന് വേണ്ടി ജയ് ഷാ തിളങ്ങി. മൂന്ന് വിക്കറ്റാണ് ബി.സി.സി.ഐ സെക്രട്ടറി മത്സരത്തില്‍ വീഴ്ത്തിയത്. അതില്‍ സാക്ഷാല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റുമുള്‍പ്പെടും. അസ്ഹറുദ്ദീന്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. 

Content Highlights: Jay Shah wrecker-in-chief, Team Ganguly falls short by one run