Photo: AFP
ബെംഗളൂരു: മത്സര ക്രിക്കറ്റിലേക്കുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള സസ്‌പെന്‍സ് തുടരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) നിന്ന് ബുംറയ്ക്ക് ഇനിയും ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നടുവേദനയെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ മുതല്‍ ബുംറ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ ഏഷ്യാ കപ്പ്, ട്വന്റി 20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ നാട്ടിലെ പരമ്പരകള്‍ ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം താരത്തിന് നഷ്ടമായിരുന്നു. എന്നാല്‍ ഓസീസിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ താരം ഉള്‍പ്പെടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയിലേക്കോ തുടര്‍ന്ന് നടക്കുന്ന ഏകദിന പരമ്പരയിലേക്കോ സെലക്ടര്‍മാര്‍ ബുംറയെ പരിഗണിച്ചിട്ടില്ല. എന്‍സിഎയില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഓസീസ് പരമ്പരയില്‍ താരത്തെ പരിഗണിക്കാതിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ക്രിക്ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 10 ദിവസത്തിനിടെ എന്‍സിഎയില്‍ ബുംറ ഏതാനും പരിശീലന മത്സരങ്ങളില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇപ്പോഴും അനുമതിക്കായി കാത്തിരിക്കുകയാണ്. ബുംറയുടെ പുരോഗതി ബിസിസിഐ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം താരത്തിന്റെ ജോലിഭാരത്തിന്റെ കാര്യത്തിലും നിരീക്ഷണമുണ്ടാകും. ജൂണിലോ ജൂലായിലോ ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തുടര്‍ന്ന് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും ബുംറയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ബോര്‍ഡ് കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അതേസമയം 2023 ഐപിഎല്ലിനു മുമ്പ് ബുംറ പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കുമോ എന്ന് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയും നോക്കിയിരിക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ കളിക്കുകയാണെങ്കില്‍ പോലും ബിസിസിഐയുടെയും എന്‍സിഎയുടേയും സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും താരം.
Content Highlights: Jasprit Bumrah yet to get clearance from NCA
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..